ചെക്ക് കേസിൽ മാണി സി. കാപ്പന് ഒരു വർഷം തടവ്; 5.30 കോടി രൂപ പിഴ

ചെക്ക് കേസിൽ മാണി സി. കാപ്പന് ഒരു വർഷം തടവ്; 5.30 കോടി രൂപ പിഴ

കൊച്ചി ∙ കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് 3.25 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ പാലാ എംഎൽഎ മാണി സി. കാപ്പന് ഒരു വർഷം തടവും 5.30 കോടി രൂപ പിഴയും വിധിച്ചു. മുംബൈ ബോറിവലി അഡീഷനൽ മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കോടതിയുടേതാണ് വിധി.

ദിനേശ് മേനോൻ നൽകിയ നാല് ചെക്ക് കേസുകളിലാണ് ശിക്ഷ. ഓരോ കേസിലും ഒരു വർഷം വീതം തടവാണ് കോടതി വിധിച്ചത്. നഷ്ടപരിഹാരമായി ഈടാക്കുന്ന തുക അപ്പീൽ കാലയളവിന് ശേഷം പരാതിക്കാരനായ ദിനേശ് മേനോന് കൈമാറണമെന്നും കോടതി നിർദേശിച്ചു.

അതേസമയം, കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മാണി സി. കാപ്പൻ പ്രതികരിച്ചു. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കേസിൽ ദിനേശ് മേനോനിൽനിന്ന് രണ്ട് കോടി രൂപ വാങ്ങിയെന്നും പിന്നീട് നഷ്ടപരിഹാരം ഉൾപ്പെടെ 3.25 കോടി രൂപ നൽകാമെന്ന് കരാറുണ്ടാക്കിയെന്നുമാണ് നേരത്തെയുള്ള റിപ്പോർട്ടുകൾ. കേസിൽ കുറ്റം ചുമത്തുന്നതിനെതിരെ മാണി സി. കാപ്പൻ നൽകിയ ഹർജി ഹൈക്കോടതിയും പിന്നീട് സുപ്രീം കോടതിയും തള്ളിയിരുന്നു.