സൈനിക താവളത്തിൽ വൻ ആയുധമോഷണം; 12 തോക്കുകളും 1,800ലേറെ വെടിയുണ്ടകളും കാണാതായി

സൈനിക താവളത്തിൽ വൻ ആയുധമോഷണം; 12 തോക്കുകളും 1,800ലേറെ വെടിയുണ്ടകളും കാണാതായി

ഹൈദരാബാദ്: അതീവ സുരക്ഷയുള്ള സെക്കന്തരാബാദിലെ സൈനിക താവളത്തിൽനിന്ന് അത്യാധുനിക തോക്കുകളും വെടിക്കോപ്പുകളും മോഷണം പോയി. ബൊല്ലാരം മിലിട്ടറി സ്റ്റേഷനിലെ 20 മദ്രാസ് റെജിമെന്റ് പരിസരത്തുനിന്നാണ് ആയുധങ്ങൾ കാണാതായത്.

നാല് എകെ-203 അസോൾട്ട് റൈഫിളുകൾ, ഒരു ഇൻസാസ് റൈഫിൾ, ആറ് 9 എംഎം പിസ്റ്റളുകൾ, ഒരു സിവിലിയൻ പിസ്റ്റൾ എന്നിവയുൾപ്പെടെ ആകെ 12 തോക്കുകളാണ് മോഷണം പോയത്.

രാത്രികാല കാഴ്ചയ്ക്ക് ഉപയോഗിക്കുന്ന ബൈനോക്കുലർ, 21 മാഗസിനുകൾ, 1,800ലേറെ റൗണ്ട് വെടിയുണ്ടകൾ എന്നിവയും കാണാതായിട്ടുണ്ട്. മോഷണം പോയ ആയുധങ്ങൾക്ക് വിപണിയിൽ ഏകദേശം 15 ലക്ഷം രൂപ വിലവരുമെന്നാണ് റിപ്പോർട്ട്.

സംഭവത്തിൽ സൈനിക അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷ്ടിച്ച ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തുന്നതിനായി സുരക്ഷാ ഏജൻസികളും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.