ജന്തർ മന്തർ പ്രതിഷേധം: വിദ്യാർഥികൾക്കെതിരായ എല്ലാ എഫ്.ഐ.ആറുകളും റദ്ദാക്കി സുപ്രീം കോടതി

ജന്തർ മന്തർ പ്രതിഷേധം: വിദ്യാർഥികൾക്കെതിരായ എല്ലാ എഫ്.ഐ.ആറുകളും റദ്ദാക്കി സുപ്രീം കോടതി

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ ജൂലൈ 20 മുതൽ 25 വരെ നടന്ന കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ എഫ്.ഐ.ആറുകളും സുപ്രീം കോടതി റദ്ദാക്കി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ ഇതോടെ ഇല്ലാതാകും. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഇനി പുതിയ എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യരുതെന്നും കോടതി നിർദേശിച്ചു.ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കേന്ദ്ര സർക്കാരിന് പുറമെ ബിഹാർ, അസം, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര സർക്കാരുകളും കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ജൂലൈ 25ന് സി.ജെ.പി നേതാക്കൾക്ക് കേന്ദ്ര സർക്കാർ നൽകിയ ഉറപ്പ് പാലിക്കുന്നതിന്റെ ഭാഗമായാണ് അപേക്ഷകൾ സമർപ്പിച്ചതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.

പ്രതിഷേധത്തിനിടെ മരിച്ച വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും നഷ്ടപരിഹാര നടപടികൾ മൂന്ന് മാസത്തിനകം പൂർത്തിയാക്കാൻ കേന്ദ്ര സർക്കാരിന് കോടതി നിർദേശം നൽകിയിട്ടുണ്ടെന്നും തുഷാർ മേത്ത വ്യക്തമാക്കി.

അതേസമയം, ജന്തർ മന്തർ പ്രതിഷേധത്തിൽ പങ്കെടുത്തവരിൽ കുറ്റകൃത്യ പശ്ചാത്തലമുള്ള 2,873 പേർക്കെതിരെ രജിസ്റ്റർ ചെയ്ത ഒരു എഫ്.ഐ.ആറുമായി മുന്നോട്ടുപോകാൻ ഡൽഹി പൊലീസിന് സുപ്രീം കോടതി അനുമതി നൽകി.