എൻ.സി.സി. പദ്ധതി വികസനത്തിന്‌6.56 കോടി രൂപയുടെ ഭരണാനുമതി

എൻ.സി.സി. പദ്ധതി വികസനത്തിന്‌6.56 കോടി രൂപയുടെ ഭരണാനുമതി

പരിശീലന കേന്ദ്രം, ബറ്റാലിയൻ ഓഫീസുകൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ വികസനത്തിന് തുക അനുവദിച്ചതായി മന്ത്രി റോജി എം ജോൺ

തിരുവനന്തപുരം:സംസ്ഥാനത്തെ എൻ.സി.സി.യുടെ അടിസ്ഥാന സൗകര്യങ്ങളും പരിശീലന സംവിധാനങ്ങളും കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി 2026-27 സാമ്പത്തിക വർഷത്തിൽ 6.56 കോടിയുടെ ഭരണാനുമതി നൽകിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ.

എൻ.സി.സി. ഡയറക്ടറേറ്റിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം, പൂർത്തീകരണ പ്രവർത്തനങ്ങൾ, പരിശീലന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ എന്നിവ ലക്ഷ്യമിട്ടാണ് തുക അനുവദിച്ചത്. തിരുവനന്തപുരത്തെ എൻ.സി.സി. ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സിന്റെയും രണ്ട് ബറ്റാലിയൻ ഓഫീസുകളുടെയും പൂർത്തീകരണ പ്രവർത്തനങ്ങൾക്കും നിലവിൽ നടന്നുവരുന്ന പദ്ധതികൾക്കുമാണ് പ്രധാനമായും തുക വിനിയോഗിക്കുക.

നാഷണൽ ലെവൽ ട്രെയിനിംഗ് സെന്റർ, നെടുമങ്ങാട് ഉൾപ്പെടെയുള്ള എൻ.സി.സി. സ്ഥാപനങ്ങളുടെ വികസനത്തിനും തുക വകയിരുത്തിയിട്ടുണ്ട്. 42.5 സെന്റ് ഭൂമി വാങ്ങുന്നതിനും ഡ്രിൽ സ്ക്വയർ പൂർത്തീകരിക്കുന്നതിനുമായി 9.53 ലക്ഷം അനുവദിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ദുരിതാശ്വാസ ക്യാമ്പായും സംസ്ഥാന-ജില്ലാ ഭരണകൂടങ്ങൾക്ക് മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന തരത്തിൽ പരിശീലന കേന്ദ്രത്തിന്റെ സൗകര്യങ്ങൾ വികസിപ്പിക്കുകയാണ് ലക്ഷ്യം.

28 (K) ബറ്റാലിയൻ എൻ.സി.സി., ഒറ്റപ്പാലം കെട്ടിടത്തിന്റെ അന്തിമ ഘട്ട പൂർത്തീകരണ പ്രവർത്തനങ്ങൾക്ക് 50 ലക്ഷം അനുവദിച്ചു. കെട്ടിടത്തിന് ചുറ്റുമുള്ള ഇന്റർലോക്ക് ടൈൽ സ്ഥാപിക്കൽ, വാഹന പാർക്കിംഗിനുള്ള ഷീറ്റ് റൂഫിംഗ്, ചുറ്റുമതിലും ഗേറ്റുകളും, പ്രധാന കവാടത്തിലേക്കുള്ള കോൺക്രീറ്റ് റോഡ്, പി.വി.സി. വാട്ടർ ടാങ്ക്, അലുമിനിയം ഫാബ്രിക്കേഷൻ ക്യാബിനുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടും.

ഇടുക്കിയിലെ സത്രം എയർസ്ട്രിപ്പിന് സമീപം ഫ്ലൈയിംഗ് കേഡറ്റുകളുടെ അടിയന്തര ആവശ്യങ്ങൾക്കായി 90.53 ലക്ഷം അനുവദിച്ചു.

എൻ.സി.സി. ഡയറക്ടറേറ്റിനും സംസ്ഥാനത്തെ 47 എൻ.സി.സി. ഓഫീസുകൾക്കും ആവശ്യമായ കമ്പ്യൂട്ടറുകളും മറ്റ് ഐ.ടി. അനുബന്ധ ഉപകരണങ്ങളും, എ3 മൾട്ടിപർപ്പസ് പ്രിന്റർ ഉൾപ്പെടെ, വാങ്ങുന്നതിനായി 50 ലക്ഷം അനുവദിച്ചു .
സർക്കാർ ഇ-ഓഫീസ്, ഇ-ഗവേണൻസ് സംവിധാനങ്ങളുടെ കാര്യക്ഷമമായ നടപ്പാക്കലിനും ഈ സൗകര്യങ്ങൾ സഹായകമാകും.

കേഡറ്റുകൾക്ക് മികച്ച പരിശീലന അന്തരീക്ഷവും ആധുനിക സൗകര്യങ്ങളും ഉറപ്പാക്കുന്നതിനൊപ്പം എൻ.സി.സി.യുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക എന്നതാണ് പദ്ധതികളുടെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ പറഞ്ഞു.