തിരുവനന്തപുരം: സുകുമാര കുറുപ്പ് എവിടെയെന്ന പതിറ്റാണ്ടുകൾ നീണ്ട ചോദ്യത്തിന് ഉത്തരമാകുന്നു. കുറുപ്പ് വർഷങ്ങൾക്ക് മുൻപ് ഹൃദ്രോഗത്തെ തുടർന്ന് മരിച്ചിരിക്കാമെന്ന നിഗമനത്തിലാണ് കേസ് പുതുതായി അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം. ഏതാനും വിവരങ്ങൾ കൂടി പരിശോധിച്ച ശേഷം അന്തിമ റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണം അവസാനിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ സുകുമാര കുറുപ്പിനെ നേരിൽ കണ്ട ഏക മലയാളിയും ജാർഖണ്ഡിൽ നഴ്സുമായിരുന്ന ആലപ്പുഴ സ്വദേശിനി രത്നമ്മയുടെ മൊഴിയാണ് അന്വേഷണത്തിൽ നിർണായകമായത്. രത്നമ്മ ജോലി ചെയ്തിരുന്ന ആശുപത്രിയിൽ ഹൃദ്രോഗത്തെ തുടർന്ന് കുറുപ്പ് ഐസിയുവിൽ ചികിത്സയിലായിരുന്നുവെന്നാണ് മൊഴി.
ആ സമയത്ത് ഏകദേശം 40 വയസായിരുന്നു കുറുപ്പിന്. ഗുരുതരമായ ഹൃദ്രോഗാവസ്ഥയിലായിരുന്ന ഒരാൾക്ക് പിന്നീട് നാല് പതിറ്റാണ്ടോളം ഒളിവിൽ ജീവിക്കാൻ സാധ്യത കുറവാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.
തീർപ്പാകാതെ കിടക്കുന്ന കേസുകൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്ന് മാസം മുൻപാണ് ക്രൈംബ്രാഞ്ച് സുകുമാര കുറുപ്പ് കേസിൽ വീണ്ടും അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവിക്ക് വൈകാതെ സമർപ്പിക്കും.