നേപ്പാളിന് സഹായവുമായി ഇന്ത്യ; 10 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേനാ വിമാനം

നേപ്പാളിന് സഹായവുമായി ഇന്ത്യ; 10 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേനാ വിമാനം

ന്യൂഡൽഹി: മിന്നൽ പ്രളയത്തിൽ ദുരിതത്തിലായ നേപ്പാളിന് സഹായവുമായി ഇന്ത്യ. ഇന്ത്യൻ വ്യോമസേനയുടെ സി-130ജെ വിമാനം അടിയന്തര ദുരിതാശ്വാസ സാമഗ്രികളുമായി നേപ്പാളിലേക്ക് പുറപ്പെട്ടു. താൽക്കാലിക ഷെൽട്ടറുകൾ, പുതപ്പുകൾ, ജീവൻരക്ഷാ മരുന്നുകൾ എന്നിവയുൾപ്പെടെ 10 ടൺ അവശ്യവസ്തുക്കളാണ് ആദ്യഘട്ടത്തിൽ അയച്ചത്.

രക്ഷാദൗത്യത്തിനായി വ്യോമസേന സി-17, സി-130ജെ, സി-295 ട്രാൻസ്പോർട്ട് വിമാനങ്ങൾ സജ്ജമാക്കി നിർത്തിയിട്ടുണ്ട്. നേപ്പാളിലെ റസുവ ജില്ലയിൽ രാവിലെയുണ്ടായ മിന്നൽ പ്രളയത്തെ തുടർന്ന് മരണസംഖ്യ ഉയരുകയാണ്. ഏകദേശം 400 പേരെയാണ് കാണാതായത്. ഇതിൽ 133 പേർ ഇന്ത്യക്കാരാണെന്നാണ് വിവരം. പ്രളയത്തിൽ 19 പാലങ്ങളും 40 കിലോമീറ്റർ റോഡും തകർന്നു. കാണാതായവർക്കായുള്ള തിരച്ചിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ തുടരുകയാണ്.

രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. അടിയന്തര സഹായത്തിനായി ഹെൽപ്‌ലൈൻ നമ്പറുകളും എംബസി പുറത്തുവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാൾ പ്രധാനമന്ത്രി ബാലെൻ ഷായുമായി ഫോണിൽ സംസാരിച്ച് ഇന്ത്യയുടെ പിന്തുണ അറിയിച്ചു.

അതിനിടെ, മിന്നൽ പ്രളയത്തിനിടെ വഴിയിൽ കുടുങ്ങിയ 36 അംഗ മലയാളി സംഘം സുരക്ഷിതരാണെന്ന് വിവരം. എറണാകുളത്തെ ട്രാവൽഹബ്ബ് 24 എന്ന ഏജൻസി വഴി നേപ്പാളിലെത്തിയ സംഘമാണ് വഴിമധ്യേ കുടുങ്ങിയത്.

നേപ്പാളിലെ പ്രളയത്തെ തുടർന്ന് ബിഹാറിലും ഉത്തർപ്രദേശിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ബിഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുമായി സംസാരിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനത്തിന് ആവശ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

ടിബറ്റൻ മേഖലയിൽ ഉണ്ടായ ഭൂചലനത്തെ തുടർന്നുണ്ടായ ഹിമപാതവും മണ്ണിടിച്ചിലുമാണ് മിന്നൽ പ്രളയത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.