ന്യൂയോർക്ക്: വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ, ആർ.എസ്.എസിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി യു.എസ്. കമ്മിഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (USCIRF) വീണ്ടും രംഗത്ത്.
ഇന്ത്യയിലെ മതസ്വാതന്ത്ര്യ സാഹചര്യം വഷളാകുകയാണെന്നും ഇതിന്റെ പശ്ചാത്തലത്തിൽ ആർ.എസ്.എസിനെതിരെ ഉപരോധം ഏർപ്പെടുത്തുന്ന കാര്യം അമേരിക്ക പരിഗണിക്കണമെന്നും ആവശ്യപ്പെട്ടാണ് യു.എസ്.സി.ഐ.ആർ.എഫ് പ്രസ്താവന പുറത്തിറക്കിയത്.
മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ നിരീക്ഷിക്കുന്ന അമേരിക്കൻ ഫെഡറൽ കമ്മിഷനാണ് യു.എസ്.സി.ഐ.ആർ.എഫ്. ഇന്ത്യയിലെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് സംഘടന നേരത്തെയും ആശങ്കകൾ ഉന്നയിച്ചിരുന്നു.