കേരളത്തിൽ നിന്നുള്ള 35 അംഗ മലയാളി സംഘം നേപ്പാളിൽ സുരക്ഷിതർ

കേരളത്തിൽ നിന്നുള്ള 35 അംഗ മലയാളി സംഘം നേപ്പാളിൽ സുരക്ഷിതർ

പയ്യന്നൂർ: മിന്നൽ പ്രളയമുണ്ടായ നേപ്പാളിലേക്ക് വിനോദയാത്രയ്ക്ക് പോയ 35 അംഗ മലയാളി സംഘം സുരക്ഷിതരെന്ന് വിവരം. കാഞ്ഞങ്ങാട്ടെ ട്രാവൽ ഏജൻസി വഴി യാത്ര പോയ സംഘമാണ് സുരക്ഷിതരാണെന്ന് അറിയിച്ചത്.

കാസർഗോഡ് ജില്ലയിൽ നിന്നുള്ള അഞ്ചുപേരും കണ്ണൂർ ജില്ലയിൽ നിന്നുള്ള രണ്ടുപേരുമൊഴികെ മറ്റുള്ളവരെല്ലാം കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണ്. പയ്യന്നൂർ സ്വദേശിനിയും പരിയാരത്ത് താമസിക്കുന്ന കടന്നപ്പള്ളി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയുമായ ടി.വി. ദീപയാണ് ഇക്കാര്യം അറിയിച്ചത്.

മിന്നൽ പ്രളയത്തിന് തൊട്ടുമുമ്പാണ് വിനോദയാത്രാ സംഘത്തിന്റെ രണ്ട് ടെമ്പോ ട്രാവലറുകൾ പ്രദേശത്തുകൂടി കടന്നുപോയത്. തുടർന്ന് മേഖലയിൽ ഭീതിജനകമായ സാഹചര്യമുണ്ടായി. മുന്നോട്ടുപോകാനാകാതെ റോഡുകളിൽ തടസ്സങ്ങളും നേരിട്ടു. വിവരം അറിഞ്ഞതോടെ യാത്രാസംഘവും ആശങ്കയിലായി. വനത്തിലൂടെയുള്ള ഇടുങ്ങിയ റോഡിലൂടെ രാത്രിമുഴുവൻ ഏറെ ഭീതിയോടെയായിരുന്നു യാത്ര.

നേപ്പാളിൽ നിന്നുള്ള ലൊക്കേഷനും മറ്റ് വിവരങ്ങളും വി. കുഞ്ഞികൃഷ്ണൻ എംഎൽഎ കൈമാറിയതിനെ തുടർന്ന് മുഖ്യമന്ത്രി എംബസിയുമായി ബന്ധപ്പെട്ടിരുന്നു. ഇന്ന് രാവിലെയാണ് സംഘത്തെക്കുറിച്ച് ആശ്വാസകരമായ വിവരം ലഭിച്ചത്.

നിലവിൽ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് യാത്ര ചെയ്യുകയാണെന്നും എല്ലാവരും സുരക്ഷിതരാണെന്നും സംഘം അറിയിച്ചു. ഓഗസ്റ്റ് 29ന് ഗോരഖ്പുരിൽ നിന്നുള്ള വിമാനത്തിൽ നാട്ടിലേക്ക് മടങ്ങുമെന്നും ടി.വി. ദീപ പറഞ്ഞു.