“എന്റെ നിരപരാധിത്വം തെളിയിക്കാതെ ഇനി പടിയിറങ്ങില്ല”; ‘അമ്മ’ വിവാദങ്ങളിൽ മൗനം വെടിഞ്ഞ് പ്രസിഡന്റ് ശ്വേത മേനോൻ

“എന്റെ നിരപരാധിത്വം തെളിയിക്കാതെ ഇനി പടിയിറങ്ങില്ല”; ‘അമ്മ’ വിവാദങ്ങളിൽ മൗനം വെടിഞ്ഞ് പ്രസിഡന്റ് ശ്വേത മേനോൻ

കൊച്ചി: കഴിഞ്ഞ ജനറൽ ബോഡി യോഗത്തിന് ശേഷമുണ്ടായ വിവാദങ്ങളിൽ ദിവസങ്ങൾക്ക് ശേഷം ഒടുവിൽ മനസ്തുറന്ന് ‘അമ്മ’പ്രസിഡന്റ് ശ്വേത മേനോൻ. തന്റെ മൗനത്തെ ദുർവ്യാഖ്യാനം ചെയ്ത് വ്യക്തിഹത്യ നടത്താൻ ശ്രമിക്കുന്നവർക്കെതിരെയും, സംഘടനയെ ഹൈജാക്ക് ചെയ്യാൻ നോക്കുന്ന ചില താല്പര്യക്കാർക്കെതിരെയും ശക്തമായ ഭാഷയിലാണ് താരം ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്.

‘അമ്മ’യ്ക്ക് വേണ്ടിയായിരുന്നു മൗനം; പക്ഷേ ഇനി വിട്ടുവീഴ്ചയില്ല

താൻ ഇത്രയും ദിവസം മൗനം പാലിച്ചത് സംഘടനയുടെ നന്മയ്ക്കും വിവാദങ്ങൾ അവസാനിക്കാനും വേണ്ടിയായിരുന്നു എന്ന് ശ്വേത മേനോൻ വ്യക്തമാക്കുന്നു. എന്നാൽ തന്റെ അന്തസ്സിനെ നിരന്തരം ചോദ്യം ചെയ്യുകയും ജനങ്ങളെ വഞ്ചിച്ചു, ‘അമ്മ’യെ അനാഥമാക്കി എന്ന രീതിയിൽ കള്ളപ്രചാരണങ്ങൾ നടത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇനി അടങ്ങിയിരിക്കില്ലെന്ന് താരം”എന്റെ നിരപരാധിത്വം തെളിയിക്കാതെ ഇനി ഞാൻ പടിയിറങ്ങില്ല,”ശ്വേത കുറിപ്പിൽ ഉറപ്പിച്ചു പറയുന്നു.

ആസൂത്രിത നീക്കവും നിയമവിരുദ്ധമായ അഡ്ഹോക് കമ്മിറ്റിയും

കഴിഞ്ഞ ജൂൺ 21-ന് നടന്ന ജനറൽ ബോഡി മീറ്റിംഗിൽ കമ്മിറ്റിയെ രാജിവെപ്പിക്കുക എന്ന മുൻകൂട്ടി തയ്യാറാക്കിയ അജണ്ടയുമായാണ് പത്തോ പതിനഞ്ചോ അംഗങ്ങൾ എത്തിയതെന്ന് ശ്വേത വെളിപ്പെടുത്തുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അടങ്ങിയ പ്രമേയം അവർ വിതരണം ചെയ്തു. എന്നാൽ ഇതിനെല്ലാം കൃത്യമായ, നിയമപരവും വസ്തുതാപരവുമായ മറുപടി തങ്ങളുടെ പക്കലുണ്ടായിരുന്നു.

ബൈ-ലാ അനുസരിച്ച് അഡ്ഹോക് കമ്മിറ്റിക്ക് യാതൊരു നിയമബലവുമില്ല

‘അമ്മ’യുടെ ബൈ-ലാ (By-law) ആർട്ടിക്കിൾ XII(e) പ്രകാരം, അന്ന് ഹാജരായ 243 അംഗങ്ങളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമായ 162 പേരുടെ പിന്തുണ ലഭിക്കാത്തതിനാൽ ആ പ്രമേയം പാസ്സായിട്ടില്ല. അതുകൊണ്ടുതന്നെ അതിന് യാതൊരു നിയമബലവുമില്ല.
നിലവിൽ ജനറൽ ബോഡിയുടെ തീരുമാനപ്രകാരമാണ് ‘അഡ്ഹോക് കമ്മിറ്റി’ വന്നതെന്ന വാദത്തെ ശ്വേത പൂർണ്ണമായി തള്ളിക്കളയുന്നു. ‘അമ്മ’യുടെ ബൈ-ലായിൽ എവിടെയാണ് അഡ്ഹോക് കമ്മിറ്റി എന്നൊരു സംവിധാനം ഉള്ളതെന്ന് ശ്വേത ചോദിക്കുന്നു. ലാലേട്ടന്റെ (മോഹൻലാൽ) കമ്മിറ്റി രാജിവെച്ചപ്പോൾ പുതിയ തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ പഴയ കമ്മിറ്റി തന്നെയാണ് തുടർന്നത്. ബൈ-ലാ അനുസരിച്ച് ഒരു കമ്മിറ്റി പൂർണ്ണമായി രാജിവെച്ചാൽ പുതിയൊരു കമ്മിറ്റി വരുന്നത് വരെ പഴയ കമ്മിറ്റി തന്നെ തുടരണമെന്നാണ് നിയമം. അങ്ങനെയെങ്കിൽ തങ്ങളുടെ കമ്മിറ്റിയോട് മാത്രം എന്തിനാണ് ഈ ഇരട്ടത്താപ്പെന്ന് ശ്വേത ചോദിക്കുന്നു.

പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിട്ടില്ല; കൈനീട്ടവും ഇൻഷുറൻസും കൃത്യമായി നൽകി

വിവാദങ്ങൾക്കിടയിലും ‘അമ്മ’യുടെ ചാരിറ്റി പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്ന് പ്രസിഡന്റ് അറിയിച്ചു. ജൂലൈ ഒന്നിന് നൽകേണ്ട കൈനീട്ടം, സഞ്ജീവിനി, മെഡിക്കൽ ഇൻഷുറൻസ് തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും അംഗങ്ങൾക്ക് കൃത്യമായി എത്തിച്ചിട്ടുണ്ട്. സംഘടനയുടെ ഒരു പ്രവർത്തനത്തിലും യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ല.

‘അമ്മ’യെ ഹൈജാക്ക് ചെയ്യാൻ അനുവദിക്കില്ല


തന്റെ മൗനം മുതലെടുത്ത് അംഗങ്ങളെ തെറ്റിദ്ധരിപ്പിക്കാനും, കുറ്റാരോപിതരായ ചില താല്പര്യക്കാർക്ക് സംഘടനയെ കൈപ്പിടിയിലൊതുക്കാനും ഉള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ അതിന് ആരെയും അനുവദിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് എന്ന് സ്വന്തം ശ്വേത മേനോൻ, AMMA- President” എന്ന് കുറിച്ചുകൊണ്ട് താരം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സംഘടനയ്ക്കുള്ളിലെ ഭിന്നതകളും നിയമപരമായ പോരാട്ടങ്ങളും വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്നതിന്റെ സൂചനയാണ് ശ്വേത മേനോന്റെ ഈ പുതിയ പ്രതികരണം നൽകുന്നത്.

https://www.facebook.com/story.php?story_fbid=1552420012921248&id=100044597912140&mibextid=wwXIfr&rdid=xiyRhI77POmV6J1F#