കൊച്ചി:മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ നാടകീയ നീക്കങ്ങൾക്കൊടുവിൽ ഉടലെടുത്ത ആഭ്യന്തര തർക്കങ്ങളും പ്രതിസന്ധികളും കൂടുതൽ സങ്കീർണ്ണമാകുന്നു. കഴിഞ്ഞ ജൂൺ 21-ന് നടന്ന ജനറൽ ബോഡി യോഗത്തിൽ വെച്ച് പ്രസിഡന്റ് ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഒന്നടങ്കം രാജിവെച്ചതായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും, ഔദ്യോഗികമായി ആരും ഇതുവരെ രാജിക്കത്ത് സമർപ്പിച്ചിട്ടില്ലെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി രൂപീകരിച്ച താൽക്കാലിക അഡ്ഹോക് കമ്മിറ്റിയുടെ കൺവീനർ രമേഷ് പിഷാരടിയും അംഗമായ കെ.ബി. ഗണേഷ് കുമാറുമാണ് മുൻ ഭരണസമിതിക്കെതിരെ കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തിയത്.
രാജിക്കത്ത് ലഭിച്ചില്ലെന്ന് രമേഷ് പിഷാരടി
ശ്വേത മേനോൻ ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളുടെ ഔദ്യോഗികമായ രാജിക്കത്ത് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അഡ്ഹോക് കമ്മിറ്റി കൺവീനർ രമേഷ് പിഷാരടി മാധ്യമങ്ങളോട് വ്യക്തമാക്കി. ജനറൽ ബോഡി യോഗത്തിൽ സാമ്പത്തിക റിപ്പോർട്ടുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളെ തുടർന്ന് ഇവർ രാജി പ്രഖ്യാപിച്ച് ഇറങ്ങിപ്പോവുകയായിരുന്നു.
സംഘടനയുടെ ഔദ്യോഗിക മെയിൽ ഐഡി ഉൾപ്പെടെയുള്ളവയുടെ ആക്‌സസ് ലഭിച്ചതിനു ശേഷം പരിശോധിച്ചപ്പോഴും ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ ഉൾപ്പെടെയുള്ളവരുടെ കത്തുകൾ ലഭിച്ചിട്ടില്ലെന്ന് വ്യക്തമായി. മാധ്യമങ്ങളിലൂടെയുള്ള രാജി പ്രഖ്യാപന വിവരങ്ങൾ മാത്രമാണ് നിലവിലുള്ളതെന്നും, എന്നാൽ മുതിർന്ന നടി മല്ലിക സുകുമാരൻ തന്റെ രാജിക്കത്ത് ഇമെയിൽ വഴി കൃത്യമായി അയച്ചിട്ടുണ്ടെന്നും രമേഷ് പിഷാരടി കൂട്ടിച്ചേർത്തു.
ശ്വേത മേനോൻ പൊതുസമൂഹത്തെ പറ്റിച്ചെന്ന് ഗണേഷ് കുമാർ
ഭരണസമിതി അംഗങ്ങൾ ഔദ്യോഗികമായി രാജിക്കത്ത് നൽകാത്തതിനെതിരെ അഡ്ഹോക് കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാർ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് താൻ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെച്ചു എന്ന് വൈകാരികമായി പ്രഖ്യാപിച്ച ശ്വേത മേനോൻ, സംഘടനയ്ക്ക് ഔദ്യോഗികമായി കത്ത് നൽകാത്തത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം വിമർശിച്ചു. ശ്വേത മേനോൻ പൊതുസമൂഹത്തെയും മാധ്യമങ്ങളെയും ഉൾപ്പെടെ പറ്റിക്കുകയായിരുന്നു എന്നും ഗണേഷ് കുമാർ ആരോപിച്ചു.
അഡ്ഹോക് കമ്മിറ്റിയുടെ നിയമസാധുത പ്രതിസന്ധിയിൽ
ഭരണസമിതി അംഗങ്ങൾ ഔദ്യോഗികമായി രാജിക്കത്ത് നൽകാത്ത സാഹചര്യത്തിൽ, നിലവിലുള്ള അഡ്ഹോക് കമ്മിറ്റിയുടെ നിലനിൽപ്പിന് തന്നെ നിയമപരമായ പ്രതിസന്ധിയുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സംഘടനയുടെ ബൈലോ പ്രകാരം മുൻ ഭരണസമിതിയുടെ രാജി ഔദ്യോഗികമായി സ്വീകരിച്ചതിന് ശേഷം മാത്രമേ പുതിയ താൽക്കാലിക കമ്മിറ്റിക്ക് പൂർണ്ണ ചുമതലയോടെ പ്രവർത്തിക്കാൻ സാധിക്കൂ. നിലവിലെ കമ്മിറ്റിയുടെ പ്രവർത്തനം ബൈലോയ്ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം അംഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
വിവാദങ്ങളുടെ പശ്ചാത്തലം
കഴിഞ്ഞ ഓഗസ്റ്റിൽ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് മുൻ കമ്മിറ്റി ഒഴിഞ്ഞപ്പോഴാണ് ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള സമിതി തിരഞ്ഞെടുപ്പിലുടെ അധികാരമേറ്റത്. എന്നാൽ ഭരണസമിതിയുടെ സാമ്പത്തിക റിപ്പോർട്ടിലെ 67ലക്ഷത്തിന്റെ വ്യക്തതക്കുറവിനെച്ചൊല്ലി ഒരു വിഭാഗം അംഗങ്ങൾ അവിശ്വാസ പ്രമേയം കൊണ്ടുവന്നതിനെ തുടർന്നായിരുന്നു കഴിഞ്ഞ വാരം നാടകീയമായ രാജി പ്രഖ്യാപനങ്ങൾ ഉണ്ടായത്. എന്നാൽ കത്ത് നൽകാത്തതിലൂടെ ‘അമ്മ’ വീണ്ടും ഒരു നിയമ-ഭരണഘടനാ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഏതായാലും ഈ വിഷയത്തിൽ ശ്വേത മേനോന്റെ ഭാഗത്തുനിന്നുള്ള പ്രതികരണത്തിനായി കാത്തിരിക്കുകയാണ് സിനിമാ ലോകം.