തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി കർശനമായി നടപ്പാക്കാൻ സർക്കാർ ആലോചന ശക്തമാക്കുന്നു. നിലവിലുള്ള 23 വയസ്സ് എന്ന പ്രായപരിധി ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായി കർണാടകയിലെ ‘നോ ഐഡി, നോ എൻട്രി’ മാതൃക കേരളത്തിലും നടപ്പാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
നിർദേശമനുസരിച്ച്, മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായത്തിൽ സംശയം തോന്നുന്ന സാഹചര്യത്തിൽ തിരിച്ചറിയൽ രേഖ ഹാജരാക്കേണ്ടി വരും. സാധുവായ തിരിച്ചറിയൽ രേഖ കാണിക്കാനാകാത്തവർക്ക് മദ്യം വിൽക്കില്ലെന്ന രീതിയിലാകും നടപടികൾ കർശനമാക്കുക. ഇതിലൂടെ 23 വയസ്സ് തികയാത്തവർക്ക് മദ്യം ലഭിക്കുന്നത് തടയുകയാണ് ലക്ഷ്യം.
വീര്യം കുറഞ്ഞ മദ്യങ്ങളുടെ വിൽപന യുവാക്കളെ ലക്ഷ്യമിട്ടെന്ന വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് പ്രായപരിധി പാലിക്കുന്നതിൽ കൂടുതൽ നിയന്ത്രണം കൊണ്ടുവരാൻ സർക്കാർ നീക്കം നടത്തുന്നത്. എക്സൈസ് മന്ത്രി പരിശോധിച്ച ഫയൽ നിലവിൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണെന്നാണ് വിവരം.
കേരളത്തിൽ മദ്യം വാങ്ങുന്നതിനുള്ള നിയമപരമായ പ്രായപരിധി ആദ്യം 18 വയസായിരുന്നു. പിന്നീട് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് അത് 21 വയസാക്കി ഉയർത്തി. തുടർന്ന് ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് പ്രായപരിധി 23 വയസായി വർധിപ്പിച്ചു. എന്നാൽ ഈ നിയന്ത്രണം പ്രായോഗിക തലത്തിൽ കർശനമായി നടപ്പായിട്ടില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് തിരിച്ചറിയൽ രേഖ നിർബന്ധമാക്കുന്ന പുതിയ സംവിധാനം പരിഗണിക്കുന്നത്.