ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവും സംവിധായകനുമായ ആർ. ശരത് അന്തരിച്ചു

ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവും സംവിധായകനുമായ ആർ. ശരത് അന്തരിച്ചു

തിരുവനന്തപുരം: ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവും സംവിധായകനുമായ ആർ. ശരത് അന്തരിച്ചു. 65 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സായാഹ്നം, സ്ഥിതി, ശീലാബതി, ദി ഡിസയർ: എ ജേണി ഓഫ് എ വുമൺ, ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായ സംവിധായകനായിരുന്നു ആർ. ശരത്. 2000ൽ പുറത്തിറങ്ങിയ സായാഹ്നം ആയിരുന്നു ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ചിത്രത്തിന് മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചു.

ഡോക്യുമെന്ററി സംവിധായകനായാണ് ശരത് സിനിമാരംഗത്ത് എത്തിയത്. കലയും സംസ്കാരവും ചരിത്രവും പ്രമേയമാക്കിയ നിരവധി ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. രാജാ രവിവർമയുടെ ജീവിതവും കലാസൃഷ്ടികളും ആസ്പദമാക്കിയുള്ള ഡോക്യുമെന്ററിയും ശ്രദ്ധേയമായിരുന്നു.

ചലച്ചിത്ര പ്രവർത്തനങ്ങൾക്ക് പുറമെ കേരള സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ആർ. ശരത് പുനലൂർ സ്വദേശിയാണ്.
അദ്ദേഹത്തിന്റെ നിര്യാണത്തിൽ സിനിമാ-സാംസ്കാരിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.