കാലവർഷം ദുർബലമായതിന് പിന്നാലെ സംസ്ഥാനത്ത് പകൽച്ചൂട് കനക്കുന്നു

കാലവർഷം ദുർബലമായതിന് പിന്നാലെ സംസ്ഥാനത്ത് പകൽച്ചൂട് കനക്കുന്നു

തിരുവനന്തപുരം: കാലവർഷം ദുർബലമായതിന് പിന്നാലെ സംസ്ഥാനത്ത് പകൽച്ചൂട് കനക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ട അസാധാരണ ചൂടിന് പിന്നാലെ അടുത്ത 48 മണിക്കൂറിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ താപനില സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ചൂടിനൊപ്പം ഉയർന്ന ഈർപ്പം നിലനിൽക്കുന്നതിനാൽ അനുഭവപ്പെടുന്ന ചൂട് യഥാർഥ താപനിലയേക്കാൾ കൂടുതലായിരിക്കാനും സാധ്യതയുണ്ട്. അൾട്രാവയലറ്റ് (യു.വി.) വികിരണത്തിന്റെ തോതിലും വലിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില പുനലൂരിലാണ് രേഖപ്പെടുത്തിയത്. 36.2 ഡിഗ്രി സെൽഷ്യസായിരുന്നു പുനലൂരിലെ താപനില. തിരുവനന്തപുരം നഗരത്തിൽ 33 ഡിഗ്രിയും തിരുവനന്തപുരം വിമാനത്താവളത്തിൽ 32 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. രണ്ട് സ്ഥലങ്ങളിലും താപനില സാധാരണയേക്കാൾ 2 ഡിഗ്രി കൂടുതലായിരുന്നു.

വടക്കൻ കേരളത്തിലും പകൽച്ചൂട് സാധാരണ നിലയേക്കാൾ ഉയർന്നാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പാലക്കാട് 33 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പകൽ താപനില സാധാരണയേക്കാൾ ഏകദേശം 2 ഡിഗ്രി വരെ ഉയർന്ന നിലയിലാണ്. യു.വി. വികിരണ തോത് 7 മുതൽ 8 വരെയെത്തിയിട്ടുണ്ട്.

മഴ ദുർബലമായതാണ് ചൂട് വർധിക്കാൻ പ്രധാന കാരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ മാത്രമാണ് കാര്യമായ മഴ ലഭിച്ചത്. കണ്ണൂർ അയ്യങ്കുന്നിൽ 5 സെന്റിമീറ്ററും ഇടുക്കിയിലെ ആനയിറങ്കൽ ഡാം മേഖലയില 4 സെന്റിമീറ്ററും മഴ ലഭിച്ചതൊഴിച്ചാൽ സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും പൊതുവെ വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെട്ടത്.