ഡൽഹിയിലെ സത്യ നികേതനിൽ അഞ്ചുനില കെട്ടിടം തകർന്നുവീണ് മരിച്ചവരുടെ എണ്ണം ആറായി

ഡൽഹിയിലെ സത്യ നികേതനിൽ അഞ്ചുനില കെട്ടിടം തകർന്നുവീണ് മരിച്ചവരുടെ എണ്ണം ആറായി

ന്യൂഡൽഹി: ഡൽഹിയിലെ സത്യ നികേതനിൽ അഞ്ചുനില കെട്ടിടം തകർന്നുവീണ് മരിച്ചവരുടെ എണ്ണം ആറായി. ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാംപസിന് സമീപം ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ആൺകുട്ടികൾക്കായുള്ള പി.ജി താമസസൗകര്യമായി ഉപയോഗിച്ചിരുന്ന ഏകദേശം 50 വർഷം പഴക്കമുള്ള കെട്ടിടമാണ് തകർന്നത്.

അപകടത്തിൽപ്പെട്ടവർക്കായി എൻ.ഡി.ആർ.എഫ്, ഡൽഹി ഫയർ സർവീസ്, ഡൽഹി പൊലീസ് എന്നിവയുടെ നേതൃത്വത്തിൽ രണ്ടാം ദിവസവും രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതുവരെ 11 പേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതിനാൽ തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

അപകടസമയത്ത് കെട്ടിടത്തിൽ അറ്റകുറ്റപ്പണി, നവീകരണ ജോലികൾ നടന്നിരുന്നതായാണ് പ്രാഥമിക വിവരം. കെട്ടിടത്തിന്റെ ഉടമ ഹരിറാമിനെതിരെ ഡൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് പ്രത്യേക സംഘങ്ങളെ നിയോഗിക്കുകയും ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.

സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം നടത്താൻ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ഉത്തരവിട്ടിട്ടുണ്ട്. സമീപത്തെ കെട്ടിടങ്ങളുടെയും സുരക്ഷ പരിശോധിക്കുന്ന നടപടികളും അധികൃതർ ആരംഭിച്ചു. സത്യ നികേതൻ മേഖലയിലെ അപകടസാധ്യതയുള്ള കെട്ടിടങ്ങൾക്കെതിരെ നടപടിയെടുക്കാനും അധികൃതർ നീക്കം തുടങ്ങി.