;

കോക്പിറ്റിൽ പൈലറ്റുമാർ തമ്മിൽ സംഘർഷം; ഫ്ലൈദുബായ് വിമാനം സൗദിയിൽ അടിയന്തരമായി ഇറക്കി

കോക്പിറ്റിൽ പൈലറ്റുമാർ തമ്മിൽ സംഘർഷം; ഫ്ലൈദുബായ് വിമാനം സൗദിയിൽ അടിയന്തരമായി ഇറക്കി

ദുബായ്: കോക്പിറ്റിലുണ്ടായ സംഘർഷത്തെ തുടർന്ന് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തരമായി ഇറക്കി. ഫ്ലൈദുബായ് എഫ്‌എസ് 1073 വിമാനമാണ് വഴിതിരിച്ചുവിട്ട് തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും സുരക്ഷിതരാണെന്ന് ഫ്ലൈദുബായ് അറിയിച്ചു.

വിമാനത്തിൽ 174 യാത്രക്കാരുണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. ഇതിൽ 27 കുട്ടികളും ഉൾപ്പെടുന്നു. വിമാനത്തിൽനിന്ന് ആദ്യം പൊതുവായ അടിയന്തരസാഹചര്യം സൂചിപ്പിക്കുന്ന സിഗ്നലും പിന്നീട് അനധികൃത ഇടപെടലിനുള്ള സാധ്യത സൂചിപ്പിക്കുന്ന സിഗ്നലും ലഭിച്ചതോടെയാണ് ആശങ്ക ഉയർന്നത്. ഇതേ തുടർന്ന് വിമാനം സൗദിയിലേക്ക് തിരിച്ചുവിടുകയായിരുന്നു.

പൈലറ്റുമാർ തമ്മിലുണ്ടായ ശാരീരിക സംഘർഷമാണ് സംഭവത്തിന് കാരണമെന്നാണ് അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. സംഘർഷത്തിനിടെ വിമാനത്തിന്റെ നിയന്ത്രണത്തിൽ പ്രശ്നമുണ്ടായതായും വിമാനം അതിവേഗം താഴേക്ക് ഇറങ്ങിയതായും വിവിധ റിപ്പോർട്ടുകളുണ്ട്. സംഭവത്തെ തുടർന്ന് യാത്രക്കാർക്കിടയിൽ പരിഭ്രാന്തിയുണ്ടായി.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിമാന റാഞ്ചൽ നടന്നതായുള്ള പ്രാഥമിക ആശങ്കകൾ ഉയർന്നിരുന്നെങ്കിലും പിന്നീട് ലഭിച്ച വിവരങ്ങൾ പ്രകാരം ഹൈജാക്കിംഗല്ല സംഭവത്തിന് കാരണമെന്നാണ് അധികൃതരുടെ നിലപാട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.

;