തിരുവനന്തപുരം: ലോക കേരളസഭയുടെ ആറാം എഡിഷൻ നിലവിലെ രീതിയിൽ സംഘടിപ്പിക്കേണ്ടതില്ലെന്ന നിലപാടിൽ യു.ഡി.എഫ് സർക്കാർ. ലോക കേരളസഭ തുടരേണ്ടതില്ലെന്നത് സർക്കാരിന്റെ രാഷ്ട്രീയ തീരുമാനമാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഓഫീസ് വ്യക്തമാക്കി.
എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് സംഘടിപ്പിച്ച രീതിയിൽ ലോക കേരളസഭയുടെ ആറാം എഡിഷൻ നടത്താൻ നിലവിൽ സർക്കാർ ഉദ്ദേശിക്കുന്നില്ല. ഇതിനായി ബജറ്റിൽ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അതേസമയം, ലോക കേരളസഭ സെക്രട്ടേറിയറ്റിന്റെ ഓഫീസ് നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഓഫീസ് നടത്തിപ്പിനുള്ള ഭരണപരമായ ചെലവുകൾക്കും നോർക്കയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബിസിനസ് ലീഡർഷിപ്പ് മീറ്റ് ഉൾപ്പെടെയുള്ള പരിപാടികൾക്കുമാണ് നിലവിൽ തുക അനുവദിച്ചിട്ടുള്ളത്.
പ്രവാസി ക്ഷേമ പദ്ധതികൾ സർക്കാരിന്റെ പ്രധാന പരിഗണനയിലുള്ള വിഷയമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഇത്തരം പദ്ധതികളുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പ്രാവർത്തികമാക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കായാണ് നിലവിൽ തുക അനുവദിച്ചിരിക്കുന്നത്.
അതേസമയം, പ്രതിപക്ഷത്തായിരുന്ന കാലത്ത് ലോക കേരളസഭയ്‌ക്കെതിരെ വി.ഡി. സതീശൻ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ലോക കേരളസഭയുടെ തുടർച്ച സംബന്ധിച്ച സർക്കാരിന്റെ ഇപ്പോഴത്തെ നിലപാട് ഇതോടെ വീണ്ടും ചർച്ചയായിരിക്കുകയാണ്.