;

സംസ്ഥാനത്ത് അതിശക്തമായ മഴ; നത്ത മഴയിലും മണ്ണിടിച്ചിലിലും ഒൻപത് മരണം; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ; നത്ത മഴയിലും മണ്ണിടിച്ചിലിലും ഒൻപത് മരണം; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. ഇന്നലെ വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലുമായി ഒമ്പത് പേർ മരിച്ചു. മലപ്പുറം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് മഴക്കെടുതിയിൽ മരണം റിപ്പോർട്ട് ചെയ്തത്. അടുത്ത മൂന്ന് മണിക്കൂറിൽ കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മലപ്പുറം പൂക്കോട്ടുംപാടം കോട്ടപ്പുഴയിൽ ഇന്നലെയുണ്ടായ മലവെള്ളപ്പാച്ചിലിൽ കാണാതായ നാല് പേർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. ആറ് പേർ ഒഴുക്കിൽപ്പെട്ടതായാണ് വിവരം. ഇതിൽ കോട്ടക്കൽ എടരിക്കോട് സ്വദേശി അനസ് മാങ്ങാടനും തിരൂർ സ്വദേശി മുഹമ്മദ് കുട്ടിയും മരിച്ചു. കരുവാരകുണ്ട് സ്വദേശി റഹീം (35), വണ്ടൂർ കോട്ടക്കുന്ന് സ്വദേശി കുപ്പനത്ത് സജ്ജാദ്, ചേട്ടിയാറമ്മൽ കുറുപ്പത്ത് റഫീഖ് (41), ടി.കെ നഗർ സ്വദേശി സജിത എന്നിവരെയാണ് കാണാതായത്.

ഇടുക്കി അടിമാലിയിൽ ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് അഞ്ച് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. വട്ടവട കൊട്ടാക്കമ്പൂരിൽ മണ്ണിടിച്ചിലിൽ മരിച്ച ബാലകൃഷ്ണന്റെയും ചിന്നുവിന്റെയും സംസ്കാരം ഇന്ന് നടക്കും. ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഇന്നലെ ശക്തമായ മഴയെ തുടർന്ന് രണ്ടിടങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. തീക്കോയിയിൽ ബൈക്കിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ചെന്നൈ ജവഹർനഗർ സ്വദേശി സംഗീത അരുള്‍ ലാൽ മരിച്ചു. ഒപ്പമുണ്ടായിരുന്ന യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടുക്കി ജില്ലയുടെ കിഴക്കൻ മേഖലകളിലും വൈകുന്നേരത്തോടെ ശക്തമായ മഴ ലഭിച്ചു. തീക്കോയി, തലനാട്, പൂഞ്ഞാർ, അടിവാരം, വാഗമൺ മേഖലകളിലാണ് മഴക്കെടുതി രൂക്ഷമായത്. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു. വാഗമൺ–ഈരാറ്റുപേട്ട റോഡിലെ ഗതാഗത തടസ്സം നിലവിൽ ഭാഗികമായി പുനഃസ്ഥാപിച്ചു.

തീക്കോയി–വാഗമൺ റൂട്ടിലെ കാരികാട് ടോപ്പിൽ മണ്ണിടിഞ്ഞ് രണ്ട് കാറുകൾക്ക് മുകളിലേക്ക് വീണു. യാത്രക്കാർക്ക് പരിക്കില്ല. മാർമല ഉൾപ്പെടെയുള്ള വെള്ളച്ചാട്ടങ്ങളിലും ശക്തമായ നീരൊഴുക്കാണ്. കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ പലയിടത്തും മരം വീണു.

നേര്യമംഗലം, ചീയപ്പാറ, വാളറ മേഖലകളിലും ശക്തമായ മഴ തുടരുകയാണ്. ദേവിയാർ പുഴയിൽ ജലനിരപ്പ് ഉയർന്നു. പത്താംമൈലിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. അടിമാലിക്ക് സമീപം പഴമ്പള്ളിച്ചാലിൽ മണ്ണിടിച്ചിലുണ്ടായി. ചീയപ്പാറയ്ക്കും ആറാംമൈലിനുമിടയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ചീയപ്പാറയിൽ വാഹനത്തിന് മുകളിൽ കല്ല് പതിച്ചെങ്കിലും ആർക്കും പരിക്കില്ല.

കോഴിക്കോട് തീരദേശ മേഖലയിലും മഴ ശക്തമാണ്. പരപ്പൻപൊയിൽ–പുന്നശ്ശേരി റോഡിൽ മണ്ണിടിഞ്ഞു. കത്തറമ്മൽ ഭാഗത്ത് റോഡിന്റെ സംരക്ഷണഭിത്തി നിർമാണത്തിനായി മണ്ണെടുത്ത ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. കനത്ത മഴയിൽ വൻതോതിൽ മണ്ണ് ഇടിഞ്ഞുവീണതോടെ റോഡിൽനിന്ന് കുത്തിയൊലിച്ചെത്തുന്ന വെള്ളം താഴെയുള്ള വീടിന്റെ മുറ്റത്തേക്ക് പതിക്കുകയാണ്. വീടും അപകടഭീഷണിയിലാണ്.

അടുത്ത മൂന്ന് മണിക്കൂറിൽ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

അതേസമയം, ഇന്നലെ വിവിധ ജില്ലകളിൽ കനത്ത മഴ ലഭിച്ചതോടെ വൈദ്യുതി ഉപഭോഗത്തിൽ വലിയ കുറവുണ്ടായതായി കെഎസ്ഇബി അറിയിച്ചു. ഇതോടെ ഇന്നലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടായില്ലെന്നും കെഎസ്ഇബി വ്യക്തമാക്കി.

;