;

അടുത്ത ലക്ഷ്യം 50 മീറ്റർ; ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി വിദർശ കെ. വിനോദ്; ഷൂട്ടിങ്ങിൽ വെള്ളി നേടിയ മലയാളിത്തിളക്കം

അടുത്ത ലക്ഷ്യം 50 മീറ്റർ; ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി വിദർശ കെ. വിനോദ്; ഷൂട്ടിങ്ങിൽ വെള്ളി നേടിയ മലയാളിത്തിളക്കം

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ ചരിത്രനേട്ടവുമായി മലയാളി താരം വിദർശ കെ. വിനോദ്. 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വിദർശ വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളി താരമെന്ന നേട്ടവും ഇതോടെ വിദർശ സ്വന്തമാക്കി.

കോഴിക്കോട് തിരുവമ്പാടി സ്വദേശിയാണ് വിദർശ കെ. വിനോദ്. മൂന്ന് പേരടങ്ങിയ ഇന്ത്യൻ ടീമിന്റെ ഭാഗമായാണ് വിദർശ മെഡൽ നേടിയത്. തന്റെ ആദ്യ ഏഷ്യൻ ഗെയിംസിൽ തന്നെ മെഡൽ സ്വന്തമാക്കാനായത് ഏറെ സന്തോഷം നൽകുന്നതായി വിദർശ പ്രതികരിച്ചു.

കുടുംബത്തിന്റെയും പരിശീലകന്റെയും പിന്തുണയാണ് നേട്ടത്തിന് പിന്നിലെന്ന് വിദർശ പറഞ്ഞു. 50 മീറ്റർ റൈഫിൾ ഇനത്തിലും താരം മത്സരിക്കുന്നുണ്ട്. ഇന്നത്തെ മെഡൽ അടുത്ത മത്സരങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ടെന്നും വിദർശ വ്യക്തമാക്കി.

കേരളത്തിൽ തന്നെ തുടരാനാണ് ആഗ്രഹമെന്നും സംസ്ഥാന സർക്കാർ ജോലി നൽകുകയാണെങ്കിൽ അത് സ്വീകരിക്കുമെന്നും വിദർശ പറഞ്ഞു.

2018ൽ എൻ.സി.സി.യിലൂടെയാണ് വിദർശ ഷൂട്ടിങ്ങിലേക്ക് എത്തിയത്. 2019ൽ ഷൂട്ടിങ് പ്രൊഫഷനായി തിരഞ്ഞെടുക്കുകയായിരുന്നു. പ്രധാനമായും ഡൽഹിയിലാണ് പരിശീലനം നടത്തുന്നത്. കേരളത്തിൽ വട്ടിയൂർക്കാവ് ഷൂട്ടിങ് റേഞ്ചിലും പരിശീലനത്തിന് സൗകര്യമുണ്ടെന്ന് വിദർശ പറഞ്ഞു.

കേരളത്തിലെ എല്ലാ ജില്ലകളിലും ഷൂട്ടിങ് അസോസിയേഷനുകളുണ്ടെന്നും അംഗത്വമെടുത്ത് പരിശീലനം നടത്താൻ സാധിക്കുമെന്നും വിദർശ കൂട്ടിച്ചേർത്തു.

;