മോസ്കോ: റഷ്യയിലെ പ്രധാന എണ്ണ സംഭരണ-കയറ്റുമതി കേന്ദ്രങ്ങളിലൊന്നായ സെന്റ് പീറ്റേഴ്സ്ബർഗിലെ ഓയിൽ ടെർമിനലിന് നേരെ യുക്രെയ്ൻ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. ആക്രമണത്തിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
റഷ്യയുടെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നായ എണ്ണ അടിസ്ഥാനസൗകര്യങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി അവകാശപ്പെട്ടു. റഷ്യൻ നാവിക താവളത്തെയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.
പ്രതിവർഷം ഏകദേശം 12.5 ദശലക്ഷം ടൺ പെട്രോളിയം ഉൽപ്പന്നങ്ങൾ കൈകാര്യം ചെയ്യുന്ന റഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ടെർമിനലുകളിൽ ഒന്നാണ് ആക്രമണത്തിന് ഇരയായതെന്നാണ് യുക്രെയ്ൻ സൈന്യത്തിന്റെ അവകാശവാദം.
അതേസമയം, ആക്രമണത്തെക്കുറിച്ച് റഷ്യൻ അധികൃതർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നാശനഷ്ടങ്ങളുടെ വ്യാപ്തിയെക്കുറിച്ചും സ്വതന്ത്ര സ്ഥിരീകരണം ലഭ്യമായിട്ടില്ല.