ന്യൂഡൽഹി: സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ടെലിഗ്രാമിന് കേന്ദ്ര സർക്കാരിന്റെ വീണ്ടും കർശന നിർദേശം. പകർപ്പവകാശമുള്ള സിനിമകൾ, ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങൾ, മറ്റ് ഓഡിയോ-വിഷ്വൽ മെറ്റീരിയലുകൾ എന്നിവയുടെ പൈറേറ്റഡ് പതിപ്പുകൾ ടെലിഗ്രാമിലൂടെ വ്യാപകമായി പ്രചരിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് അവ കണ്ടെത്തി നീക്കം ചെയ്യാൻ വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം ടെലിഗ്രാമിന് നോട്ടീസ് നൽകി.
നോട്ടീസിന് പിന്നാലെ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ടെലിഗ്രാമിന് 15 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. സ്വീകരിച്ച നടപടികളുടെ വിശദമായ റിപ്പോർട്ടും ഇതേ കാലയളവിനുള്ളിൽ മന്ത്രാലയത്തിന് സമർപ്പിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
ഇന്ത്യൻ സിനിമാ വ്യവസായം, ഒടിടി പ്ലാറ്റ്ഫോമുകൾ, ചലച്ചിത്ര നിർമാതാക്കൾ, വിതരണക്കാർ, ബ്രോഡ്കാസ്റ്റർമാർ എന്നിവരുടെ പകർപ്പവകാശവും സാമ്പത്തിക താൽപര്യങ്ങളും സംരക്ഷിക്കുന്നതിനായാണ് നടപടി സ്വീകരിച്ചതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. നിയമലംഘനം ആവർത്തിക്കുന്ന ടെലിഗ്രാം ചാനലുകൾ, ഗ്രൂപ്പുകൾ, അക്കൗണ്ടുകൾ, അവയുടെ അഡ്മിനിസ്ട്രേറ്റർമാർ, ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവയ്ക്കെതിരെ കർശന നടപടി സ്വീകരിക്കാനും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. അതേസമയം, കഴിഞ്ഞ മാസം 21-ന് നടന്ന നീറ്റ് യു.ജി. പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ടെലിഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നുവെന്നതും ശ്രദ്ധേയമാണ്.