മലപ്പുറം: പിതൃസ്മരണകളോടെ കർക്കടക വാവ് ബലിതർപ്പണം ആരംഭിച്ചു. ആലുവ മണപ്പുറം, തിരുവല്ലം, തിരുനാവായ, വർക്കല പാപനാശം ഉൾപ്പെടെയുള്ള പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ പുലർച്ചെ മുതൽ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്.
ജനത്തിരക്ക് കണക്കിലെടുത്ത് വിവിധ കേന്ദ്രങ്ങളിൽ വിപുലമായ സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. പെരിയാറിന്റെ തീരത്ത് 40 താൽക്കാലിക ബലിത്തറകളിലും പുലർച്ചെ മുതൽ ബലിതർപ്പണം ആരംഭിച്ചു. ആലുവയിലേക്ക് ഇന്നലെ അർധരാത്രി മുതൽ മെട്രോ സർവീസും ആരംഭിച്ചിരുന്നു.
ശക്തമായ അടിയൊഴുക്ക് ഉള്ളതിനാൽ ബലിതർപ്പണത്തിന് ശേഷം പുഴയിലിറങ്ങുന്നവർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. പൊലീസ് സുരക്ഷയും ഗതാഗത നിയന്ത്രണവും എല്ലാ പ്രധാന കേന്ദ്രങ്ങളിലും ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളിൽ അധിക ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.