തൃശ്ശൂർ: പ്രശസ്ത ആണവ ശാസ്ത്രജ്ഞനും കമ്യൂണിസ്റ്റ് ചിന്തകനും ശാസ്ത്രപ്രചാരകനുമായ ഡോ. എം.പി. പരമേശ്വരൻ (92) അന്തരിച്ചു. തൃശ്ശൂരിലെ വസതിയിലായിരുന്നു അന്ത്യം. ശാസ്ത്രജ്ഞൻ, എഴുത്തുകാരൻ, സൈദ്ധാന്തികൻ, ശാസ്ത്രപ്രചാരകൻ, സാക്ഷരതാ പ്രവർത്തകൻ തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു.
പരമേശ്വരൻ മുന്നോട്ടുവച്ച ‘നാലാംലോക സിദ്ധാന്തം’ ഒരുകാലത്ത് സി.പി.എമ്മിലും കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ-സൈദ്ധാന്തിക രംഗത്തും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ആശയത്തെ പാർട്ടി അംഗീകരിക്കാതിരുന്നതിനെ തുടർന്ന് 2004-ൽ സി.പി.എം അദ്ദേഹത്തെ പുറത്താക്കി. ഇതോടെ പാർട്ടിയുമായുണ്ടായിരുന്ന 33 വർഷത്തെ ബന്ധത്തിനും വിരാമമായി.
1935 ജനുവരി 18-ന് തൃശ്ശൂർ ജില്ലയിലെ കിരാലൂരിലായിരുന്നു ജനനം. തൃശ്ശൂർ നമ്പൂതിരി വിദ്യാലയം, സി.എം.എസ് ഹൈസ്കൂൾ, സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ന്യൂക്ലിയർ എൻജിനീയറിങ്ങിൽ പി.എച്ച്.ഡിയും നേടി.
1957 മുതൽ 1975 വരെ ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററിൽ (BARC) ശാസ്ത്രജ്ഞനായി പ്രവർത്തിച്ചു. സാധാരണക്കാർക്കിടയിൽ ശാസ്ത്രബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ 1970-ൽ രൂപീകരിച്ച കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങളിൽ സജീവമായി. പരിഷത്തിന്റെ പ്രവർത്തനങ്ങൾക്കായി 1975-ൽ ശാസ്ത്രജ്ഞനെന്ന ജോലി രാജിവെച്ചു.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശക്തമായ ജനകീയ ശാസ്ത്രപ്രസ്ഥാനമായി വളർന്നു. ശാസ്ത്രത്തെ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിലും സാക്ഷരതാ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള സാമൂഹിക ഇടപെടലുകളിലും ഡോ. എം.പി. പരമേശ്വരന്റെ സംഭാവനകൾ ശ്രദ്ധേയമായിരുന്നു