കെപിസിസി അധ്യക്ഷൻ മന്ത്രിയാകരുതെന്ന് സണ്ണി ജോസഫ്

കെപിസിസി അധ്യക്ഷൻ മന്ത്രിയാകരുതെന്ന് സണ്ണി ജോസഫ്

ന്യൂഡൽഹി: കെപിസിസി അധ്യക്ഷൻ മന്ത്രിയല്ലാത്ത വ്യക്തിയായിരിക്കണമെന്ന് സണ്ണി ജോസഫ് എംഎൽഎ. കെപിസിസിക്ക് മുഴുവൻ സമയ പ്രസിഡന്റാണ് ഏറ്റവും അനുയോജ്യമെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സണ്ണി ജോസഫ്. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എംഎൽഎമാർക്കും എംപിമാർക്കും ഒരുപോലെ യോഗ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ വൈദ്യുതി മേഖലയിലെ വിവിധ പദ്ധതികളെക്കുറിച്ച് കേന്ദ്ര ഊർജമന്ത്രി മനോഹർ ലാൽ ഖട്ടറുമായി സണ്ണി ജോസഫ് ചർച്ച നടത്തി. കേന്ദ്ര ഉത്പാദന നിലയങ്ങളിൽനിന്ന് കേരളത്തിന് അധിക വൈദ്യുതി അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൂടംകുളം, തിരുനെൽവേലി എന്നിവിടങ്ങളിൽനിന്ന് തെക്കൻ കേരളത്തിലേക്കുള്ള പ്രസരണ ശൃംഖല ശക്തിപ്പെടുത്തണമെന്നും കേന്ദ്രമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.