വിധിയെഴുതി ജനം; അവസാന മണിക്കൂറിൽതമിഴ്‌നാട്ടിൽ 82.24 ശതമാനവും പശ്ചിമ ബംഗാളിൽ 89.93ശതമാനവും പോളിങ്ങ്

വിധിയെഴുതി ജനം; അവസാന മണിക്കൂറിൽതമിഴ്‌നാട്ടിൽ 82.24 ശതമാനവും പശ്ചിമ ബംഗാളിൽ 89.93ശതമാനവും പോളിങ്ങ്

ചെന്നൈ/കൊൽക്കത്ത: റെക്കോഡ് പോളിങ്ങോടെ തമിഴ്‌നാട് പൂർണ്ണമായും പശ്ചിമ ബംഗാൾ ഭാഗികമായും വിധിയെഴുത്ത് നടത്തി. അഞ്ച് മണിവരെയുള്ള കണക്കുകൾ പ്രകാരം തമിഴ്‌നാട്ടിൽ 82.24 ശതമാനവും പശ്ചിമ ബംഗാളിൽ 89.93 ശതമാനവും പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആറു മണിവരെയാണ് പോളിങ്. അന്തിമ കണക്കുകൾ വരുമ്പോൾ ശതമാനം ഇനിയും കൂടും.

തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും ബംഗാളിൽ 152 മണ്ഡലങ്ങളിലേക്കുമാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടന്നത്. ബംഗാളിൽ 142 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട തിരഞ്ഞെടുപ്പ് 29-നാണ്.

അഞ്ച് മണിവരെയുള്ള കണക്കുകളനുസരിച്ച് തമിഴ്‌നാട് പോളിങ് ശതമാനത്തിൽ ഇതിനോടകം തന്നെ റെക്കോഡ് മറികടന്നിട്ടുണ്ട്. സംസ്ഥാനത്തെ 5.73 കോടി വോട്ടർമാരിൽ 82.24 ശതമാനം പേരാണ് അഞ്ച് മണിവരെ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.

തമിഴ്‌നാടിനേക്കാൾ വളരെ മുന്നിലാണ് പശ്ചിമ ബംഗാൾ. പല ജില്ലകളും അഞ്ച് മണിക്ക് മുന്നേ തന്നെ 90% കടന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷൻ ഏറ്റവും ഒടുവിലായി പുറത്തുവിട്ട അഞ്ചു മണിവരെയുള്ള കണക്ക് പ്രകാരം ദക്ഷിണ ദിനാജ്പൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിങ്. 93.12% വോട്ടർമാരുടെ പങ്കാളിത്തമാണ് ഇവിടെയുണ്ടായത്.

കൂച്ച്ബിഹാർ ബിർഭം മുർഷിദാബാദ് ജൽപായ്ഗുരി എന്നിവിടങ്ങളിലും 90ന് മുകളിൽ കടന്നിട്ടുണ്ട്. എസ്‌ഐആർ തന്നെയാണ് രണ്ട് സംസ്ഥാനങ്ങളിലേയും വോട്ടർമാരുടെ പങ്കാളിത്തം ഉയർന്നതിനുള്ള പ്രധാന കാരണമെന്നാണ് സൂചന. വോട്ടെണ്ണൽ മെയ് 4 ന് നടക്കും.