ദുബായ്: ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. ദുബായ് റൂളേഴ്സ് കോർട്ടാണ് മരണവിവരം അറിയിച്ചത്.
ഷെയ്ഖ് അഹമ്മദിനോടുള്ള ആദരസൂചകമായി ദുബായിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദുഃഖാചരണ കാലയളവിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
സഹോദരന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമൂഹമാധ്യമമായ എക്സിൽ കുറിപ്പ് പങ്കുവച്ചു. കാഴ്ചയിൽ നിന്ന് അദ്ദേഹം മറഞ്ഞെങ്കിലും പ്രാർഥനകളിലും ഹൃദയങ്ങളിലും ഒരിക്കലും മാഞ്ഞുപോകില്ലെന്ന് ഷെയ്ഖ് മുഹമ്മദ് കുറിച്ചു.
ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും പിതൃസഹോദരന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.