തിരുവനന്തപുരം: കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ഒരു ജനപ്രതിനിധി ജയിലിൽവെച്ച് സത്യപ്രതിജ്ഞ ചെയ്തു. കാപ്പ കേസിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതനാണ് ജയിൽ സൂപ്രണ്ടിന്റെ ഓഫീസിൽ സത്യപ്രതിജ്ഞ ചെയ്തത്. ഹൈക്കോടതിയുടെ നിർദേശവും സംസ്ഥാന സർക്കാരിന്റെ അനുമതിയും അടിസ്ഥാനമാക്കിയാണ് നടപടി.
ജനവിധി മാനിക്കേണ്ടത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി അസാധാരണ സാഹചര്യത്തിൽ അസാധാരണ തീരുമാനം സ്വീകരിച്ചത്. ജയിലിൽ സത്യപ്രതിജ്ഞ നടത്തുന്നതിന് നിയമപരമായ തടസ്സമില്ലെന്നും കോടതി വിലയിരുത്തിയിരുന്നു. ഇതോടെയാണ് സംസ്ഥാനത്ത് ആദ്യമായി ഒരു ജനപ്രതിനിധി ജയിലിനുള്ളിൽവെച്ച് ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്യുന്നത്.