വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ തൊപ്പിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസിന് പൊലീസ് നീക്കം

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ തൊപ്പിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസിന് പൊലീസ് നീക്കം

കൊച്ചി: വിവിധ കേസുകളിൽ പ്രതിയായ യൂട്യൂബർ തൊപ്പിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാൻ പൊലീസ് നടപടികൾ ആരംഭിച്ചു. അന്വേഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറാനും വിദേശത്തേക്ക് കടക്കാനും സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറങ്ങിയാൽ വിമാനത്താവളങ്ങൾ ഉൾപ്പെടെ രാജ്യത്തെ എല്ലാ ഇമിഗ്രേഷൻ ചെക്ക്പോസ്റ്റുകളിലും നിരീക്ഷണം ശക്തമാക്കും. സുഹൃത്തുക്കളുടെ സ്വകാര്യ നഗ്നദൃശ്യങ്ങൾ അനുമതിയില്ലാതെ പ്രചരിപ്പിച്ചെന്ന ഗുരുതര ആരോപണത്തിൽ യൂട്യൂബർ തൊപ്പിക്കെതിരായ അന്വേഷണം ശക്തമാക്കിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

സ്വകാര്യത ലംഘനം, സ്ത്രീകളുടെ മാന്യതയെ ബാധിക്കുന്ന കുറ്റങ്ങൾ, വിവരസാങ്കേതിക നിയമപ്രകാരമുള്ള വകുപ്പുകൾ എന്നിവ ഉൾപ്പെടെയുള്ള നിയമനടപടികൾ പൊലീസ് പരിശോധിച്ചുവരികയാണ്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് പുറത്തുവരുമെന്നാണ് പൊലീസ് അറിയിച്ചത്.