ബഹ്‌റൈൻ–സൗദി ബന്ധം കൂടുതൽ ശക്തമാക്കും; ഊർജ മേഖലയിലെ സഹകരണം വിപുലീകരിക്കും

ബഹ്‌റൈൻ–സൗദി ബന്ധം കൂടുതൽ ശക്തമാക്കും; ഊർജ മേഖലയിലെ സഹകരണം വിപുലീകരിക്കും

മനാമ: ബഹ്‌റൈൻ–സൗദി അറേബ്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം ഊർജ മേഖലയിലെ സഹകരണവും വിപുലീകരിക്കുമെന്ന് ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ.

റിഫ കൊട്ടാരത്തിൽ അക്വ ചെയർമാൻ മുഹമ്മദ് അബ്ദുല്ല അബുനയ്യാസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയും പുനരുപയോഗ ഊർജ പദ്ധതികൾ വ്യാപിപ്പിച്ചും രാജ്യത്തെ ഊർജ മേഖലയിലെ കാര്യക്ഷമത തുടർച്ചയായി വർധിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സഊദിന്റെയും പിന്തുണയോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായി മുന്നേറുകയാണെന്നും പ്രിൻസ് സൽമാൻ വ്യക്തമാക്കി.

എല്ലാ മേഖലകളിലും ബഹ്‌റൈൻ–സൗദി സംയുക്ത ഏകോപനം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. നൂതന സാങ്കേതികവിദ്യകളും നവീകരണങ്ങളും ഉപയോഗിച്ച് വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പൊതു-സ്വകാര്യ മേഖലകളുടെ പങ്കാളിത്തം നിർണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബഹ്‌റൈന്റെ ഊർജ പദ്ധതികളിൽ അക്വ നൽകിവരുന്ന തുടർച്ചയായ സഹകരണത്തെയും പിന്തുണയെയും പ്രിൻസ് സൽമാൻ അഭിനന്ദിച്ചു.