കൊച്ചി: പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍ അട്ടിമറിച്ചത് ഡിവൈഎഫ്ഐക്ക് വേണ്ടിയാണെന്ന് യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് ആരോപിച്ചു. ക്രമവിരുദ്ധമായി സര്‍വീസില്‍ പ്രവേശിപ്പിച്ചവരെ പുറത്താക്കുകയും ഉത്തരവാദികള്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എറണാകുളം ഡിസിസി നല്‍കിയ സ്വീകരണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പി.എസ്.സിയില്‍ ഗുരുതരമായ അഴിമതി നടന്നതായി വ്യക്തമായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കെ.എ.എസ് ഉള്‍പ്പെടെയുള്ള പരീക്ഷകളുടെ വിശ്വാസ്യത പോലും ഇപ്പോള്‍ സംശയത്തിന്റെ നിഴലിലാണെന്നും, പത്ത് ചോദ്യങ്ങള്‍ വിലയിരുത്താതെയാണ് മാര്‍ക്ക് നല്‍കിയതെന്ന ആരോപണം അതീവ ഗുരുതരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പി.ആര്‍.ഡിയില്‍ മുന്‍ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗത്തിന്റെ ബന്ധുവിന് നിയമനം നല്‍കാനായി സര്‍ക്കാര്‍ നിര്‍ദേശങ്ങളില്‍ മാറ്റം വരുത്തി 150 ഓളം പേരെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയെന്നും, അതില്‍ 50 ഓളം പേരെ നിയമിക്കാന്‍ ശ്രമിച്ചെന്നും മന്ത്രി ആരോപിച്ചു.
പി.എസ്.സി നിയമനങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാ അഴിമതികളും പുറത്തുവരണമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഭരണപക്ഷ യുവജനസംഘടനയായ യൂത്ത് കോണ്‍ഗ്രസ് ശക്തമായി തെരുവില്‍ പോരാടുമ്പോള്‍ പ്രതിപക്ഷത്തിരിക്കുന്ന ഡിവൈഎഫ്ഐ വിഷയത്തില്‍ മൗനം പാലിക്കുന്നതെന്താണെന്നും മന്ത്രി ചോദിച്ചു.
ലോകകപ്പ് ഫുട്‌ബോള്‍ പ്രദര്‍ശനം കേരളത്തില്‍ സൗജന്യമാക്കിയതായി മന്ത്രി ഒ ജെ ജനീഷ് അറിയിച്ചു. കേരളത്തിലെ കായിക പ്രേമികളുടെ ആവശ്യമനുസരിച്ച് പ്രക്ഷേപണാവകാശം നേടിയ ഈഗിള്‍ എഫ്‌സി കേരള ഭാരവാഹികളും, ഫിഫയുമായുമുള്ള ചര്‍ച്ചകളില്‍ പ്രദര്‍ശനം സൗജന്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും, വാണിജ്യാടിസ്ഥാനത്തിലല്ലാതെ നടത്തുന്ന എല്ലാ പ്രദര്‍ശനങ്ങളും സൗജന്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രിക്ക് നല്‍കിയ സ്വീകരണ പരിപാടിയില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എംഎല്‍എ, എംഎല്‍മാരായ ടി ജെ വിനോദ്, ടോണി ചമ്മിണി, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റേഷന്‍, കെപിസിസി ജനറല്‍ സെക്രട്ടറി എം ആര്‍ അഭിലാഷ്, കെ എം സലീം, ജോസഫ് ആന്റണി, മുന്‍ എംപി ചാള്‍സ് ഡയസ്, ജോഷി പള്ളന്‍, വി കെ ശശികുമാര്‍, കെ ആര്‍ പ്രദീപ് കുമാര്‍, കെ പി തങ്കപ്പന്‍, വിജു ചൂളക്കന്‍, സിജോ ജോസഫ്, ടിറ്റോ ആന്റണി, വിവേക് ഹരിദാസ്, ജര്‍ജസ് ജേക്കബ്, പി ഡി മാര്‍ട്ടിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കാപ്ഷന്‍:
എറണാകുളം ഡിസിസിയില്‍ യുവജനക്ഷേമ കായിക വകുപ്പു മന്ത്രി ഒ ജെ ജനീഷിന് നല്‍കിയ സ്വീകരണത്തില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എംഎല്‍എ ഷാള്‍ അണിയിക്കുന്നു. എംഎല്‍എമാരായ ടി ജെ വിനോദ്, ടോണി ചമ്മിണി എന്നിവര്‍ സമീപം.