കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സംവിധായകൻ നിതീഷ് സഹദേവ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങുകൾ വ്യാഴാഴ്ച നടന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഒൻപതാമത്തെ ചിത്രമാണിത്. മമ്മൂട്ടി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.
നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ അഭിനേതാക്കളെയും മറ്റ് സാങ്കേതിക പ്രവർത്തകരെയും സംബന്ധിച്ചുള്ള വിവരങ്ങൾ വൈകാതെ പ്രഖ്യാപിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
‘കളങ്കാവൽ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷമാണ് മമ്മൂട്ടി കമ്പനി ഈ ചിത്രം നിർമ്മിക്കുന്നത്. ഇതിനുമുമ്പ് നിർമ്മിച്ച എട്ട് ചിത്രങ്ങളും പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയിരുന്നു. അതിനാൽ തന്നെ പുതിയ ചിത്രവും വലിയ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്.
‘ഫാലിമി’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ നിതീഷ് സഹദേവ്, പിന്നീട് തമിഴിൽ ‘തലൈവർ തമ്പി തലൈമയിൽ’ എന്ന ഹിറ്റ് ചിത്രവും സംവിധാനം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് എന്ന നിലയിലും മമ്മൂട്ടിയുമായുള്ള ആദ്യ കൂട്ടുകെട്ട് എന്ന നിലയിലും ഈ ചിത്രം ഏറെ ശ്രദ്ധ നേടുകയാണ്.