മസ്കറ്റ്: ഒമാനിൽ വിദേശ തൊഴിലാളി റിക്രൂട്ട്മെന്റ് മേഖലയ്ക്ക് പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ച് തൊഴിൽ മന്ത്രാലയം. റിക്രൂട്ട്മെന്റ് ഓഫീസുകളുടെ പ്രവർത്തനം നിയമപരമായ നിയന്ത്രണത്തിലാക്കുക, സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുക എന്നിവയാണ് പുതിയ ചട്ടങ്ങളുടെ ലക്ഷ്യം.
ലൈസൻസിന് ഒമാൻ പൗരത്വം നിർബന്ധം
വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങളുടെ ഉടമകളും പങ്കാളികളും ഒമാൻ പൗരന്മാരായിരിക്കണം. ഉടമയോ പങ്കാളികളിൽ ഒരാളോ മുഴുവൻ സമയവും സ്ഥാപനത്തിന്റെ നടത്തിപ്പിനായി ഉണ്ടാകണം. ഇവർ തൊഴിൽ മന്ത്രാലയത്തിലും ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വികസന അതോറിറ്റിയിലും രജിസ്റ്റർ ചെയ്തിരിക്കണമെന്നും നിബന്ധനയുണ്ട്.
5,000 റിയാൽ സാമ്പത്തിക ഗ്യാരണ്ടി
റിക്രൂട്ട്മെന്റ് ഓഫീസുകൾ 5,000 ഒമാനി റിയാൽ തൊഴിൽ മന്ത്രാലയത്തിന്റെ അക്കൗണ്ടിൽ സാമ്പത്തിക ഗ്യാരണ്ടിയായി കെട്ടിവെക്കണം. കരാർ ലംഘനങ്ങൾ ഉണ്ടായാൽ തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഈ തുക വിനിയോഗിക്കും.
റിക്രൂട്ട്മെന്റ് സേവനങ്ങൾക്ക് മന്ത്രാലയം അംഗീകരിച്ച ഏകീകൃത കരാറുകൾ നടപ്പിലാക്കും. സേവനങ്ങൾക്ക് രണ്ട് വർഷത്തെ ഗ്യാരണ്ടിയും ഉറപ്പാക്കിയിട്ടുണ്ട്. തൊഴിലാളികൾ ഒമാനിലെത്തേണ്ട പരമാവധി കാലാവധി 45 ദിവസമായി നിജപ്പെടുത്തി.
തൊഴിലാളികളിൽനിന്ന് പണം ഈടാക്കരുത്
റിക്രൂട്ട്മെന്റിന്റെ പേരിൽ തൊഴിലാളികളിൽനിന്ന് യാതൊരു തുകയും ഈടാക്കാൻ പാടില്ല. സ്ഥാപനത്തിന്റെ ചുമതലയിലുള്ള കാലയളവിൽ തൊഴിലാളികൾക്ക് താമസവും ആവശ്യമായ പരിചരണവും ഉറപ്പാക്കണം. ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ശമ്പളവും ജോലിയുടെ സ്വഭാവവും വ്യക്തമാക്കുന്ന തൊഴിൽ വാഗ്ദാനരേഖയും നൽകണം.
റിക്രൂട്ട്മെന്റ് ഓഫീസുകൾക്ക് അനുയോജ്യമായ കാര്യാലയവും തൊഴിലാളികൾക്ക് മതിയായ താമസസൗകര്യവും ഉണ്ടായിരിക്കണം. നിശ്ചിത മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
ലൈസൻസ് ഫീസ് 300 റിയാലായി കുറച്ചു
റിക്രൂട്ട്മെന്റ് മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ട് വർഷത്തേക്കുള്ള ലൈസൻസ് ഫീസ് 300 ഒമാനി റിയാലായി കുറച്ചിട്ടുണ്ട്. താൽക്കാലിക ലൈസൻസുകളുടെ എണ്ണം 25 ആയി ഉയർത്തുകയും ലൈസൻസ് ലഭിച്ച് ഒരു വർഷത്തിന് ശേഷം പുതിയ ശാഖകൾ ആരംഭിക്കാൻ അനുമതി നൽകുകയും ചെയ്തിട്ടുണ്ട്.
റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനും സാമ്പത്തിക ബാധ്യതകൾ കൃത്യമായി നടപ്പാക്കുന്നതിനും തൊഴിൽ മന്ത്രാലയത്തിന് കീഴിൽ പ്രത്യേക സംവിധാനവും സമയപരിധിയും ഏർപ്പെടുത്തിയിട്ടുണ്ട്.