;

മാസപ്പടി ഇടപാട്: വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിന്റെ തെളിവെന്ന് ഇഡി

മാസപ്പടി ഇടപാട്: വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിന്റെ തെളിവെന്ന് ഇഡി

തിരുവനന്തപുരം: മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് വീണ വിജയനിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിന്റെ തെളിവുകളുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). വൻതോതിലുള്ള കള്ളപ്പണ ഇടപാടാണ് നടന്നതെന്നും വിദേശത്തേക്ക് ഹവാല ഇടപാട് നടത്തിയതിൽ മുൻ മന്ത്രി മുഹമ്മദ് റിയാസിന് പ്രധാന പങ്കുണ്ടെന്നും ഇഡി സംസ്ഥാന സർക്കാരിന് കൈമാറിയ കത്തിൽ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.

25 പേജുള്ള കത്തിൽ നിർണായക വിവരങ്ങളുണ്ടെന്നാണ് പുറത്തുവന്നത്. റിയാസിന്റെ സ്റ്റാഫ് അംഗങ്ങളും സുഹൃത്തുക്കളും ഇടപാടിലെ കൂട്ടാളികളായിരുന്നുവെന്നും ഇഡി കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

ഹവാല ഇടപാടുകൾക്കായി 16 അംഗ വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ. മുൻ മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളും ഗ്രൂപ്പിലുണ്ടായിരുന്നു. ഗ്രൂപ്പിലെ ഒരു നമ്പർ ‘മിനിസ്റ്റർ റിയാസ്’ എന്ന പേരിലാണ് സേവ് ചെയ്തിരുന്നതെന്നും കത്തിൽ പറയുന്നതായി റിപ്പോർട്ടുണ്ട്. ഹവാല ഇടപാടുകാരനെന്ന് ഇഡി സംശയിക്കുന്ന കൊടുവള്ളി സ്വദേശിയും ഗ്രൂപ്പിൽ ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തൽ.

2024 മേയ് ഉൾപ്പെടെയുള്ള കാലയളവിൽ വീണ വിജയനും മുഹമ്മദ് റിയാസും ദുബായിലേക്ക് ഒരുമിച്ച് യാത്ര ചെയ്തത് കള്ളപ്പണം വെളുപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായിരുന്നുവെന്നും ഇഡി ആരോപിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ദുബായിൽ വസ്ത്രവ്യാപാരം നടത്തുന്നതിന്റെ മറവിൽ വീണയ്ക്കായി ബിനാമി കമ്പനി സ്ഥാപിക്കുകയായിരുന്നു ലക്ഷ്യമെന്നും ഇഡി വ്യക്തമാക്കിയതായി റിപ്പോർട്ടുണ്ട്.

വീണ വിജയന്റേതെന്ന് പറയുന്ന കുറിപ്പുകളുടെ പകർപ്പുകളും സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ കത്തിനൊപ്പം ഇഡി ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കുറിപ്പുകൾ താൻ തന്നെയാണ് എഴുതിയതെന്ന് വീണ സമ്മതിച്ചുവെന്നും ഇഡി അവകാശപ്പെടുന്നു.

തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ പിണറായി വിജയനൊപ്പം വീണ താമസിച്ചിരുന്ന വാടകവീട്ടിൽ മേയ് 27ന് നടത്തിയ പരിശോധനയ്ക്കിടെ പിടിച്ചെടുത്ത രേഖകളാണ് ഇതെന്നും ഇഡി വ്യക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.

;