;

മാസപ്പടി കേസ്: പിണറായിക്കും റിയാസിനുമെതിരെ ഇഡി കള്ളക്കഥകൾ തയ്യാറാക്കുന്നു; രൂക്ഷ വിമർശനവുമായി എം.വി. ഗോവിന്ദൻ

മാസപ്പടി കേസ്: പിണറായിക്കും റിയാസിനുമെതിരെ ഇഡി കള്ളക്കഥകൾ തയ്യാറാക്കുന്നു; രൂക്ഷ വിമർശനവുമായി എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: സി.എം.ആർ.എൽ–എക്സാലോജിക് മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാനുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പിണറായിക്കും റിയാസിനുമെതിരെ ഇഡി കള്ളക്കഥകൾ തയ്യാറാക്കി കേസെടുക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

സി.പി.ഐ.എമ്മിനെതിരായ കടന്നാക്രമണം ശക്തമാകുകയാണെന്നും ഇതിനെ ഒറ്റക്കെട്ടായി നേരിടുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ഇഡിയുടെ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. കള്ളക്കഥകൾ കേരളം അംഗീകരിക്കില്ലെന്നും പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് സി.പി.ഐ.എം മുന്നോട്ടുപോയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇഡിയുടെ നടപടിയിൽ കോൺഗ്രസിന് ഇരട്ടത്താപ്പാണെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. പിണറായി വിജയനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ചോദിച്ചവരാണ് ഇപ്പോൾ നിലപാട് മാറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായി കോൺഗ്രസിന് എന്തെങ്കിലും ധാരണ രൂപപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.

പിണറായി വിജയനെ കേസിൽ ഉൾപ്പെടുത്താനുള്ള രാഷ്ട്രീയ ഇടപെടലാണ് ഇഡി നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇഡി നൽകിയ കത്തിൽ തെളിവുകളൊന്നുമില്ലെന്നും ആർക്കും എന്തും എഴുതി തയ്യാറാക്കാമെന്നും എം.വി. ഗോവിന്ദൻ വിമർശിച്ചു.

അതേസമയം, പിണറായി വിജയനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന ഇഡി നിർദേശത്തിൽ സർക്കാർ തീരുമാനം വൈകിയേക്കും. വിശദമായ നിയമോപദേശം തേടിയ ശേഷമായിരിക്കും തീരുമാനം. തിടുക്കപ്പെട്ട് തീരുമാനമെടുത്തെന്ന പ്രതീതി ഉണ്ടാകരുതെന്നാണ് സർക്കാരിന്റെ നിലപാട്.

എന്നാൽ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് ഏറെ വൈകിക്കാനാകില്ലെന്ന വിലയിരുത്തലും സർക്കാരിനുണ്ട്.

;