തിരുവനന്തപുരം: മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് നിർണായക വിധി പുറപ്പെടുവിച്ചത്. കേസിൽ ആകെ 12 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ ഒരാൾ ഒളിവിലായതിനാൽ വിചാരണ നേരിട്ടിരുന്നില്ല.
ആർഎസ്എസ് പ്രവർത്തകനായിരുന്ന രഞ്ജിത്തിനെ രാഷ്ട്രീയവിരോധത്തെ തുടർന്ന് സിപിഎം പ്രവർത്തകരുടെ സംഘം കൊലപ്പെടുത്തിയെന്നാണ് കേസ്. 2008 ഒക്ടോബർ 17ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം.
കോട്ടമുകളിലെ ബേക്കറിയിൽ രഞ്ജിത് നിൽക്കുന്നതിനിടെ രണ്ട് കാറുകളിലും ബൈക്കിലുമായെത്തിയ പ്രതികൾ ആക്രമണം നടത്തുകയായിരുന്നു. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്കുള്ള ശിക്ഷ പിന്നീട് കോടതി വിധിക്കും.