ഭോപാൽ: കൃഷിയിടത്തിലെ കുളത്തിൽ മുതലയെ കണ്ട വിവരം അറിയിച്ചിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ നടപടിയെടുക്കാത്തതിനെ തുടർന്ന് മുതലയെ പിടികൂടി ഓഫിസിലെത്തിച്ച് യുവതി. മധ്യപ്രദേശിലെ ജബൽപുർ ജില്ലയിലാണ് സംഭവം.
കർഷകനായ ലക്പത് യാദവിന്റെയും ഭാര്യയുടെയും കൃഷിയിടത്തിലെ കുളത്തിലാണ് നാലടി നീളമുള്ള മുതലയെ കണ്ടെത്തിയത്. തുടർന്ന് ഇവർ വനംവകുപ്പ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ച് മുതലയെ പിടികൂടി കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്താത്തതോടെ ഭർത്താവിന്റെ സഹായത്തോടെ യുവതി തന്നെ മുതലയെ പിടികൂടാൻ തീരുമാനിക്കുകയായിരുന്നു.
വല ഉപയോഗിച്ച് മുതലയെ പിടികൂടിയ യുവതി പിന്നീട് അതിനെ കൈകളിൽ താങ്ങിയെടുത്ത് വനംവകുപ്പ് ഓഫിസിലെത്തിച്ചു. തുടർന്ന് ഉദ്യോഗസ്ഥന് മുതലയെ കൈമാറി. മുതലയെ കൈകളിൽ പിടിച്ചുനിൽക്കുന്ന യുവതിയുടെ ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.