തിരുവനന്തപുരം : അഞ്ച് കൊല്ലമായി 25 വിദ്യാർത്ഥികളുടെ പഠനം സ്വന്തമായി ഏറ്റെടുത്ത് നടത്തുന്ന കര്‍ദിനാള്‍ മാര്‍ ക്ലീമീസ് ബാവയുടെ പ്രവർത്തനത്തിന് പിന്തുണയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. വിദ്യാർത്ഥികളുടെ പഠനാവശ്യങ്ങൾക്കായി 1 കോടി രൂപയുടെ സഹായം എം.എ യൂസഫലി പ്രഖ്യാപിച്ചു. കര്‍ദിനാള്‍ മാര്‍ ക്ലീമീസ് ബാവയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിലാണ് എം.എ യൂസഫലി ഇക്കാര്യം അറിയിച്ചത്. നിറഞ്ഞ കൈയ്യടികളോടെയാണ് സദസ് എം.എ യൂസഫലിയുടെ പ്രഖ്യാപനത്തെ ഏറ്റെടുത്തത്.
വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനായി 2 കോടി രൂപയാണ് ആവശ്യമായി വരുന്നത്. ഇതിൽ 1 കോടി രൂപ തന്റേതായ നിലയിൽ ഉറപ്പാക്കിയിട്ടുണ്ടെന്നും, 1 കോടി രൂപയുടെ കൂടി കുറവ് ഉണ്ടെന്നും കര്‍ദിനാള്‍ മാര്‍ ക്ലീമീസ് ബാവ ചടങ്ങിനെത്തിയ എം.എ യൂസഫലിയെ അറിയിക്കുകയായിരുന്നു. കര്‍ദിനാള്‍ മാര്‍ ക്ലീമീസ് ബാവയുടെ മനുഷത്വപരമായ പ്രവർത്തനങ്ങൾക്ക് ആശംസ അറിയിച്ച് സദസിൽ പ്രസംഗിക്കുന്നതിനടെയാണ് എം.എ യൂസഫലി സഹായം പ്രഖ്യാപിച്ചത്. വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചേമകാനുള്ള മാര്‍ ക്ലീമീസ് ബാവയുടെ പ്രവർത്തനം മാതൃകാപരമെന്ന് ചൂണ്ടികാട്ടിയാണ് അദേഹം 1 കോടി നൽകുമെന്ന് അറിയിച്ചത്. സ്നേഹത്തിനും സഹോദര്യത്തിനും പിന്തുണ നൽകിയുള്ള കര്‍ദിനാള്‍ മാര്‍ ക്ലീമീസ് ബാവയുടെ പ്രവർത്തനങ്ങൾ പ്രശംസനീയമെന്നും അദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി വി.ഡി. സതീശനാണ് കര്‍ദിനാള്‍ മാര്‍ ക്ലീമീസ് ബാവയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തത്. മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ ക്ലീമീസ് ബാവ കേരളീയ സമൂഹത്തില്‍ പ്രകാശം പരത്തുന്ന ഗോപുരമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു. ഇരുട്ട് നിറയുന്ന ഇടങ്ങളിലും മനുഷ്യ ഹൃദയങ്ങളിലും ചെറുതിരി വെട്ടമായി മാര്‍ ക്ലീമീസ് ബാവ എത്തുന്നത് ആശ്വാസകരമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
രജത ജൂബിലി ആഘോഷങ്ങള്‍ രാവിലെ 9 മണിക്ക് നടന്ന സമൂഹബലിയോടെയാണ് ആരംഭിച്ചത്. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ സമൂഹബലിയില്‍ മുഖ്യകാര്‍മ്മികനായിരുന്നു. കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് വചന സന്ദേശം നല്‍കി. കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിച്ചു. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ മുഖപ്രഭാഷണം നടത്തി. അന്ത്യോക്യായിലെ സുറിയാനി കത്തോലിക്കാ സഭയുടെ പാത്രിയാര്‍ക്കീസ് ഇഗ്‌നാത്തിയോസ് യൂസഫ് യൗനാന്‍ ബാവ അനുഗ്രഹ സന്ദേശം നല്‍കി. രജതജൂബിലി ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശനും മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയും നിര്‍വ്വഹിച്ചു. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ മാര്‍ ഇവാനിയോസ് കോളേജ് വിദ്യാര്‍ത്ഥി മുഹമ്മദ് ബാസിലിനെ ചടങ്ങില്‍ ആദരിച്ചു.
ഗോവ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ, മാര്‍ത്തോമ്മാ സഭയുടെ മെത്രാപ്പോലീത്ത തെയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത, മന്ത്രി കെ. മുരളീധരന്‍, പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സെക്രട്ടറി ബിഷപ്പ് ജോസഫ് മാര്‍ ദിവന്നാസിയോസ്, ശശി തരൂര്‍ എം.പി., കെ.എന്‍. ബാലഗോപാല്‍ എംഎല്‍എ, നഗരസഭ മേയര്‍ വി.വി. രാജേഷ്, രജതജൂബിലി ജനറല്‍ കണ്‍വീനര്‍ മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് എന്നിവരും സന്നിഹിതരായിരുന്നു.
ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് സാമൂവേല്‍ മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത, ഔഗിന്‍ കുര്യാക്കോസ് മെത്രാപ്പോലീത്ത, സിഎസ്‌ഐ ബിഷപ്പ് ജോസ് ജോര്‍ജ്ജ്, കണ്ടനാട് ഭദ്രാസനാധ്യക്ഷന്‍ തോമസ് മാര്‍ അത്തനാസിയോസ് എന്നിവർ പുസ്തങ്ങള്‍ പ്രകാശനം ചെയ്തു.
ഫോട്ടോ ക്യാപ്ഷൻ :