ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും ഇന്നും നാളെയും (ജൂൺ 14) മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്താണ് ഇടിമിന്നലിന് കൂടുതൽ സാധ്യതയെങ്കിലും കാർമേഘങ്ങൾ കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

പൊതുജാഗ്രതാ നിർദേശങ്ങൾ

*ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടണം. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യണം.

*ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണം വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കണം. ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

*അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നതും പട്ടം പറത്തുന്നതും ഒഴിവാക്കണം. ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.

*ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരണം. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കണം.

*ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.

*വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല, കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.

*മിന്നലാഘാതമേറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. അതിനാൽ അവർക്ക് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാലുള്ള ആദ്യ 30 സെക്കൻഡുകൾ ജീവൻ രക്ഷിക്കാനുള്ള നിമിഷങ്ങളായതിനാൽ ഉടൻ തന്നെ വൈദ്യസഹായം എത്തിക്കണം

*കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല. കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കണം.