എറണാകുളം: സംസ്ഥാനത്ത് രണ്ടാംഘട്ട ഭൂപരിഷ്കരണത്തിന് തുടക്കം കുറിക്കുമെന്നും അതിനായി നിലവിലെ ഭൂനിയമങ്ങളിൽ കാലാനുസൃതമായ ഭേദഗതികൾ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. കാർഷിക ഉൽപ്പന്നങ്ങൾക്ക് മൂല്യവർധനവ് നൽകി ‘കേരള ബ്രാൻഡ്’ എന്ന പേരിൽ ആഗോള വിപണിയിലെത്തിക്കുക, മലയോര മേഖലകളിൽ വന്യജീവി ആക്രമണം തടയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത സംവിധാനം നടപ്പാക്കുക, റബ്ബറിന്റെ അടിസ്ഥാന വില ഘട്ടംഘട്ടമായി കിലോഗ്രാമിന് ₹300 ആക്കി ഉയർത്തുക തുടങ്ങിയ സുപ്രധാന നയപ്രഖ്യാപനങ്ങളും മുഖ്യമന്ത്രി നടത്തി. എറണാകുളം കളമശ്ശേരിയിൽ നടന്ന സംസ്ഥാനതല കർഷകദിനാഘോഷവും സംസ്ഥാന കർഷക അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ എല്ലാ കർഷകർക്കും ജനപ്രതിനിധികൾക്കും പൊതുജനങ്ങൾക്കും ചിങ്ങപ്പിറവിയുടെയും കർഷകദിനത്തിന്റെയും ആശംസകൾ നേർന്ന മുഖ്യമന്ത്രി, കാലാവസ്ഥാ വ്യതിയാനം കാർഷിക കലണ്ടറിന്റെ താളം തെറ്റിച്ച സാഹചര്യത്തിൽ അതിന്റെ ആദ്യ ഇരകൾ കർഷകരാണെന്നും അവരെ ചേർത്തുപിടിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും പറഞ്ഞു.
രണ്ടാംഘട്ട ഭൂപരിഷ്കരണത്തിന്റെ ഭാഗമായി ഭൂനിയമങ്ങളിൽ ആവശ്യമായ ഭേദഗതികൾ കൊണ്ടുവന്ന് വർഷങ്ങളായി പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ വീണ്ടും പ്രവർത്തനക്ഷമമാക്കും അദ്ദേഹം പറഞ്ഞു. പ്ലാന്റേഷൻ മേഖലകളിൽ പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിൽ ടൂറിസത്തിനും അവസരം ഒരുക്കുമെന്നും അവക്കാഡോ, റംബുട്ടാൻ തുടങ്ങിയ ഉയർന്ന മൂല്യമുള്ള വിളകൾ ഉൾപ്പെടുത്തി മൾട്ടി-ക്രോപ്പ് കൃഷിരീതി വ്യാപിപ്പിച്ച് കാർഷിക ഉൽപ്പന്നങ്ങൾക്ക് മൂല്യവർധനവ് നൽകി ‘കേരള ബ്രാൻഡ്’ എന്ന പേരിൽ ദേശീയ-അന്തർദേശീയ വിപണിയിലെത്തിക്കുകയും ചെയ്യും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പൂർണതോതിൽ പ്രവർത്തനസജ്ജമാകുന്നതോടെ കേരളത്തിന്റെ കാർഷിക ഉൽപ്പന്നങ്ങളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും കയറ്റുമതി കൂടുതൽ വേഗത്തിലും കുറഞ്ഞ ചെലവിലും സാധ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാർഷിക ഉൽപ്പന്നങ്ങൾ സംഭരിക്കുന്നതിന് കൂടുതൽ വെയർഹൗസുകൾ സ്ഥാപിച്ച് വിപണിയിൽ മികച്ച വില ലഭിക്കുന്ന സമയത്ത് വിൽപ്പന നടത്താൻ സൗകര്യമൊരുക്കുമെന്നും അദ്ദേഹം അറിയിച്ചു.
മലയോര മേഖലയിലെ കർഷകർ നേരിടുന്ന വന്യജീവി ആക്രമണം തടയുന്നതിനായി ₹200 കോടി വകയിരുത്തിയിട്ടുണ്ടെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകളും നിലവിലുള്ള സംവിധാനങ്ങളും സംയോജിപ്പിച്ച സമഗ്ര പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
റബ്ബർ കർഷകർക്ക് ആശ്വാസമായി നിലവിലെ സർക്കാർ റബ്ബറിന്റെ താങ്ങുവില കിലോഗ്രാമിന് ₹200ൽ നിന്ന് ₹250 ആയി ഉയർത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. അടുത്ത ഘട്ടത്തിൽ ഇത് ₹300 ആയി വർധിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ഷോഭങ്ങളും മൂലം കൃഷിനാശം നേരിടുന്ന കർഷകർക്ക് നൽകുന്ന നഷ്ടപരിഹാരം സർക്കാർ 25 ശതമാനം വർധിപ്പിച്ചിട്ടുണ്ടെന്നും ഭാവിയിൽ അത് കൂടുതൽ മെച്ചപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് പറഞ്ഞ മുഖ്യമന്ത്രി അധികാരത്തിലെത്തി രണ്ടുമാസത്തിനകം തന്നെ നെൽകർഷകർക്ക് കുടിശ്ശിക തീർപ്പാക്കി അധ്വാനത്തിന്റെ പ്രതിഫലം സമയബന്ധിതമായി ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായും അറിയിച്ചു.
ധനപ്രതിസന്ധിക്കിടയിലും ആവശ്യമായ തുക അനുവദിച്ചിട്ടുണ്ടെന്നും, ഭാവിയിൽ നെല്ല് സംഭരിച്ചാൽ കൃത്യസമയത്ത് തന്നെ വില ലഭിക്കുന്ന സ്ഥിരം സംവിധാനം നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. കാർഷിക മേഖലയിലെ മികച്ച സംഭാവനകൾക്ക് സംസ്ഥാന കർഷക അവാർഡുകൾ നേടിയ എല്ലാ ജേതാക്കളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ശ്രീ ഉമ്മൻ ചാണ്ടി സ്മാരക സമഗ്ര സംഭാവന പുരസ്കാരത്തിന്റെ ആദ്യ ജേതാവായ പത്മശ്രീ ചെറുവയൽ രാമനെ പ്രത്യേകം അഭിനന്ദിച്ച അദ്ദേഹം, കേരളത്തിന്റെ പാരമ്പര്യ കാർഷിക പൈതൃകം സംരക്ഷിക്കുന്നതിൽ അദ്ദേഹത്തിന്റെ സംഭാവന വിലമതിക്കാനാവാത്തതാണെന്ന് പറഞ്ഞു. കർഷകദിനാഘോഷം മികച്ച രീതിയിൽ സംഘടിപ്പിച്ച കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖിനെയും കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.