കളമശ്ശേരി: കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ഷോഭങ്ങളും സൃഷ്ടിക്കുന്ന വെല്ലുവിളികൾക്കിടയിൽ കർഷകരെ കൂടുതൽ കരുത്തുറ്റവരാക്കുന്നതിനുള്ള സമഗ്ര പദ്ധതികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുകയാണെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു. വനിതാ കർഷക വർഷത്തോടനുബന്ധിച്ചുള്ള ‘കൃഷി സഖി’, വിദ്യാർത്ഥികൾക്കായുള്ള ‘കതിർ’ കാർഷിക ക്ലബ്ബുകൾ, പ്രളയബാധിതർക്കായുള്ള പ്രത്യേക പുനർനടീൽ പദ്ധതി, മികച്ച കുട്ടി കർഷകനായ ആദിത്യന് വീട്, ഹോർട്ടികോർപ്പ് കുടിശ്ശിക തീർപ്പാക്കൽ തുടങ്ങി കർഷകക്ഷേമത്തിനും കാർഷിക നവീകരണത്തിനും ഊന്നൽ നൽകുന്ന നിരവധി പ്രഖ്യാപനങ്ങൾ മന്ത്രി നടത്തി. എറണാകുളം കളമശ്ശേരിയിൽ നടന്ന സംസ്ഥാന കർഷകദിനാഘോഷത്തിലും സംസ്ഥാന കർഷക അവാർഡ് വിതരണച്ചടങ്ങിലും അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐക്യരാഷ്ട്രസഭ 2026-നെ അന്താരാഷ്ട്ര വനിതാ കർഷക വർഷമായി ആചരിക്കുന്ന സാഹചര്യത്തിൽ കേരളവും ഈ വർഷം വനിതാ കർഷകരെ കേന്ദ്രീകരിച്ചുള്ള പ്രത്യേക പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണെന്ന് മന്ത്രി പറഞ്ഞു. വനിതാ കർഷകരെ ഉൽപ്പാദനം മുതൽ വിപണനം വരെ ശക്തിപ്പെടുത്തുന്നതിനായി അഞ്ചുവർഷ ദൈർഘ്യമുള്ള ‘കൃഷി സഖി’ പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചുകഴിഞ്ഞു.
പുതുതലമുറയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനായി സംസ്ഥാനത്തെ സ്കൂളുകളിൽ ‘കതിർ കാർഷിക ക്ലബ്ബുകൾ’ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ക്ലബ്ബുകളുടെ ഭാഗമായി ‘കതിർ സഞ്ചാരം’ എന്ന പേരിൽ കാർഷിക പഠനയാത്രകളും, സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെടുത്തി ‘കതിർ മാർക്കറ്റുകളും’ സംഘടിപ്പിക്കും. ക്ലബ്ബുകളിൽ സജീവമായി പ്രവർത്തിക്കുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്ന സംവിധാനം നടപ്പാക്കുന്നതിനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം, വെള്ളപ്പൊക്കം, വരൾച്ച, എൽ-നിനോ തുടങ്ങിയ പ്രതിഭാസങ്ങൾ കാർഷിക മേഖലയ്ക്ക് വലിയ വെല്ലുവിളിയായി മാറിയ സാഹചര്യത്തിൽ കാലാവസ്ഥാ അധിഷ്ഠിത കാർഷിക രീതികളിലേക്ക് വകുപ്പ് മാറുകയാണെന്ന് മന്ത്രി പറഞ്ഞു. പ്രളയബാധിത കർഷകർക്ക് ആവശ്യമായ വിത്ത്, നടീൽ വസ്തുക്കൾ, വളം എന്നിവ സൗജന്യമായി ലഭ്യമാക്കുന്നതിനും പുനർനടീൽ വേഗത്തിലാക്കുന്നതിനുമായി സംസ്ഥാനതലത്തിൽ ‘Crop Loss Assessment & Replanting Special Drive’ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
നെൽകർഷകരുടെ ജനുവരി മുതൽ ജൂൺ 30 വരെയുള്ള നെല്ല് സംഭരണ കുടിശ്ശിക ബാങ്കിംഗ് കൺസോർഷ്യം വഴി വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, പച്ചക്കറി സംഭരണവുമായി ബന്ധപ്പെട്ട് ഹോർട്ടികോർപ്പിൽ നിന്ന് കർഷകർക്ക് ലഭിക്കാനുള്ള കുടിശ്ശിക ഈ മാസം അവസാനത്തോടെ പൂർണമായും വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
കൃഷിവകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി സെപ്റ്റംബർ 10, 11 തീയതികളിൽ വകുപ്പ് തല ആഭ്യന്തര നവീകരണ ഉച്ചകോടി (Internal Summit) സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. വകുപ്പിന്റെ നേട്ടങ്ങളും പോരായ്മകളും വിലയിരുത്തി ഭാവി പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
വിഷരഹിത ഭക്ഷ്യോൽപ്പാദനം കേരളത്തിന്റെ പ്രധാന ലക്ഷ്യമാണെന്ന് മന്ത്രി പറഞ്ഞു. അടുത്തിടെ പരിശോധിച്ച 1,258 പച്ചക്കറി സാമ്പിളുകളിൽ 62 എണ്ണത്തിൽ അമിതമായ രാസകീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ വിഷരഹിത പച്ചക്കറി ഉൽപ്പാദനത്തിനായി പൊതുസമൂഹവും കർഷകരും കൂടുതൽ ജാഗ്രത പുലർത്തുകയും നാടൻ കൃഷിരീതികളിലേക്ക് തിരിച്ചുവരികയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ മികച്ച കുട്ടി കർഷകനുള്ള പുരസ്കാരം നേടിയ ആദിത്യന് പുതിയ വീട് നിർമ്മിച്ചുനൽകുമെന്ന് കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖ് പ്രഖ്യാപിച്ചു. സംസ്ഥാന കർഷകദിനാഘോഷ വേദിയിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. കാർഷിക കേരളത്തിന്റെ പുതിയ പ്രതീക്ഷയാണ് ആദിത്യനെന്നും, ചെറുപ്രായത്തിൽ തന്നെ കൃഷിയെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ ആദിത്യൻ എല്ലാ വിദ്യാർത്ഥികൾക്കും മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
ചേർത്തല അരീപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ ആദിത്യൻ മാതാപിതാക്കളായ അജയന്റെയും സജിതയുടെയും ഏകമകനാണ്. സ്വന്തമായി വീടില്ലാത്ത സാഹചര്യത്തിൽ ഒറ്റമുറി വീട്ടിലാണ് കുടുംബം താമസിക്കുന്നത്. എന്നിട്ടും സ്വന്തമായുള്ള 44 സെന്റ് സ്ഥലത്ത് നെൽകൃഷിയും 20 സെന്റ് പാട്ടഭൂമിയിൽ പച്ചക്കറി കൃഷിയും, അലങ്കാര മത്സ്യകൃഷി, ആട്, പശു, കോഴി, താറാവ് എന്നിവ ഉൾപ്പെടുന്ന സംയോജിത കാർഷിക മാതൃകയിലൂടെ ശ്രദ്ധേയമായ നേട്ടമാണ് ഈ കൊച്ചുകർഷകൻ കൈവരിച്ചിരിക്കുന്നത്. മാതാപിതാക്കളിൽ നിന്ന് കൃഷിയുടെ ബാലപാഠങ്ങൾ അഭ്യസിച്ച ആദിത്യൻ ഇതിനോടകം നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
“ഇത്തരം കുട്ടികളാണ് കാർഷിക കേരളത്തിന്റെ ഭാവി. ആദിത്യന്റെ കൃഷിയോടുള്ള ആത്മാർഥതയ്ക്കും അധ്വാനത്തിനുമുള്ള അംഗീകാരമായാണ് പുതിയ വീട് നിർമ്മിച്ചുനൽകുന്നത്. കാർഷിക രംഗത്ത് ഉന്നത വിദ്യാഭ്യാസം നേടി മികച്ച കർഷകനാകണമെന്ന ആദിത്യന്റെ സ്വപ്നത്തിന് സർക്കാർ എല്ലാ പിന്തുണയും നൽകും,” മന്ത്രി പറഞ്ഞു.