ജാമിഅ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർഥി സമരം വിജയത്തിലേക്ക്. വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കണമെന്നതടക്കമുള്ള സമരക്കാരുടെ മുഴുവൻ ആവശ്യങ്ങളും സർവകലാശാല അംഗീകരിച്ചു. വൈസ് ചാൻസലർ നേരിട്ടെത്തിയാണ് ഇക്കാര്യം വിദ്യാർഥികളെ അറിയിച്ചത്.
2027 മെയ് 15ന് വിദ്യാർഥി യൂണിയന്റെ ഭരണഘടന അംഗീകരിക്കും. 2027 ജൂലൈ 16ന് ആരംഭിക്കുന്ന പുതിയ അക്കാദമിക് സെഷൻ തുടങ്ങി ആറാഴ്ചയ്ക്കുള്ളിൽ യൂണിയൻ തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. വിദ്യാർഥികൾക്കെതിരായ അച്ചടക്ക നടപടികളും പിൻവലിക്കും. ഇതോടെ പ്രതിഷേധവും നിരാഹാര സമരവും അവസാനിപ്പിക്കണമെന്ന് സർവകലാശാല അധികൃതർ ആവശ്യപ്പെട്ടു.
ക്യാമ്പസിൽ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കുക, വിദ്യാർഥികളുടെ ജനാധിപത്യപരമായ അവകാശങ്ങൾ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സർവകലാശാലയുടെ തീരുമാനത്തോടെ വിദ്യാർഥികളുടെ പ്രധാന ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്.