തിരുവനന്തപുരം: 23 വയസിൽ താഴെയുള്ളവർക്ക് മദ്യം നൽകിയാൽ ബാറുകളുടെ ലൈസൻസ് റദ്ദാക്കുമെന്ന് എക്സൈസ് മന്ത്രി എം. ലിജു. മദ്യം വാങ്ങാനുളള കുറഞ്ഞ പ്രായപരിധി 23 വയസാണെന്നും ഇത് കർശനമായി പാലിക്കേണ്ടത് ബാർ ലൈസൻസുകാരുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി വ്യക്തമാക്കി.
പ്രായത്തിൽ സംശയം തോന്നുന്നവരോട് ആധാർ കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെടണം. പ്രായം ഉറപ്പാക്കിയ ശേഷം മാത്രമേ മദ്യം നൽകാവൂ. നിയമാനുസൃത പ്രായപരിധിയിൽ താഴെയുള്ളവർക്ക് മദ്യം നൽകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട ബാറുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
നെടുമ്പാശേരിയിലെ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മദ്യം നൽകിയ സംഭവത്തിൽ ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും കേസെടുക്കാനും നേരത്തെ തന്നെ എക്സൈസിന് നിർദേശം നൽകിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് നിരുത്തരവാദപരമായ വാഹനാപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രായപൂർത്തിയാകാത്തവർക്ക് മദ്യം ലഭിക്കുന്നത് തടയേണ്ടത് അനിവാര്യമാണ്. മദ്യം കഴിച്ച് കുട്ടികൾ വാഹനാപകടങ്ങൾ ഉണ്ടാക്കുന്നതിലൂടെ നിരവധി കുടുംബങ്ങളാണ് ദുരിതത്തിലാകുന്നത്. ഇത്തരം സംഭവങ്ങൾക്ക് അവസരമൊരുക്കുന്ന ബാറുകൾക്കെതിരെ ഇനി യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.