;

ശബരിമല തീർത്ഥാടകർക്ക് രണ്ട് ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ; എൽഐസിയുമായി കൈകോർത്തു ദേവസ്വം ബോർഡ്

ശബരിമല തീർത്ഥാടകർക്ക് രണ്ട് ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ; എൽഐസിയുമായി കൈകോർത്തു ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് രണ്ട് ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ പ്രഖ്യാപിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. തീർത്ഥാടനത്തിനിടെ മരണം സംഭവിച്ചാൽ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ഇൻഷ്വറൻസ് തുക ലഭിക്കും. എൽഐസിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു.

വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് എന്നിവ വഴി ദർശനത്തിനെത്തുന്ന തീർത്ഥാടകർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ശബരിമലയിലെത്തുന്നതിന്റെ തലേദിവസം മുതൽ മൂന്ന് ദിവസത്തേക്കായിരിക്കും ഇൻഷ്വറൻസ് പരിരക്ഷ.

മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങളെല്ലാം നട തുറക്കുന്നതിന് മുൻപ് പൂർത്തിയാക്കുമെന്നും കെ. ജയകുമാർ വ്യക്തമാക്കി. മലകയറുന്നതിനിടെ വിശ്രമിക്കാൻ ഇരിപ്പിടങ്ങളില്ലെന്ന തീർത്ഥാടകരുടെ പരാതി പരിഹരിക്കാൻ 200 സ്റ്റെയിൻലെസ് സ്റ്റീൽ കസേരകൾ സ്ഥാപിച്ചിട്ടുണ്ട്.

ഈ മാസം 17ന് നട തുറക്കുമ്പോൾ 50 ലക്ഷം ടിൻ അരവണ കരുതൽ ശേഖരമായി ഉണ്ടാകും. അരവണ നിർമാണത്തിന് ആവശ്യമായ ശർക്കരയുടെ ലഭ്യതയിൽ നിലവിൽ ആശങ്കയില്ലെന്നും നെയ്യ് മിൽമയിൽ നിന്നാണ് വാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ മുറികൾ ബുക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായിരുന്ന സാങ്കേതിക പ്രശ്നങ്ങൾ പൂർണമായും പരിഹരിച്ചിട്ടുണ്ട്. നിലവിൽ ബുക്കിങ്ങിന് തടസങ്ങളില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.

;