;

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ സുപ്രീം കോടതി മാർച്ച്

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ സുപ്രീം കോടതി മാർച്ച്

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സുപ്രീം കോടതിയിലേക്ക് പ്രതിഷേധ മാർച്ചുമായി ഇന്ത്യാ സഖ്യം. വിവിധ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളും പ്രവർത്തകരും അണിനിരന്ന ‘ചലോ ദില്ലി’ മാർച്ചിലാണ് പ്രതിഷേധം.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, പ്രിയങ്ക ഗാന്ധി എംപി, ഐസ പ്രസിഡന്റ് നേഹ ബോറ തുടങ്ങിയ നേതാക്കൾ പ്രത്യേകം സജ്ജമാക്കിയ ബസിലാണ് മാർച്ചിൽ പങ്കെടുക്കുന്നത്.

മൂന്ന് ബസുകളിലായാണ് പ്രവർത്തകർ പ്രതിഷേധത്തിനെത്തിയത്. ബസുകൾക്കൊപ്പം മുദ്രാവാക്യങ്ങളുമായി പ്രവർത്തകരും കാൽനടയായി നീങ്ങുന്നുണ്ട്. കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽനിന്ന് റാഫി മാർഗിലൂടെ അശോക റോഡ് കടന്ന് സുപ്രീം കോടതിയിലെത്താനാണ് മാർച്ച് ലക്ഷ്യമിടുന്നത്.

സുപ്രീം കോടതിയിലേക്ക് സമാധാനപരമായി മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ നേരിൽക്കണ്ട് നിവേദനം നൽകാൻ ഇന്ത്യാ സഖ്യം നേരത്തെ അനുമതി തേടിയിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. ചീഫ് ജസ്റ്റിസിനെ നേരിൽക്കണ്ട് നിവേദനം സമർപ്പിക്കാനാണ് പ്രതിപക്ഷ സഖ്യത്തിന്റെ നീക്കം.

;