ഭരത്പുരിൽ സംഘർഷം; രണ്ട് ഗ്രാമങ്ങളിലെ ജനങ്ങൾ ഖനനത്തിനെതിരെ പ്രതിഷേധത്തിലായിരുന്നു
ജയ്പുർ: രാജസ്ഥാനിലെ ഭരത്പുരിൽ മുൻ ബിജെപി എംഎൽഎ അതർ സിങ് ഭദാനയെ ജനക്കൂട്ടം മർദിച്ചുകൊലപ്പെടുത്തിയതായി റിപ്പോർട്ട്. ഞായറാഴ്ച വൈകുന്നേരം ഭോണ്ട ഗ്രാമത്തിലായിരുന്നു സംഭവം. ഖനനവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ഹരിയാന സ്വദേശിയായ അതർ സിങ് ഭദാന 2003-ൽ ബയാന നിയമസഭാ മണ്ഡലത്തിൽനിന്ന് രാജസ്ഥാൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2008 വരെ അദ്ദേഹം എംഎൽഎയായി തുടർന്നു.
പൊലീസ് നൽകുന്ന വിവരമനുസരിച്ച്, ഭോണ്ട ഗ്രാമത്തിൽ മുൻ എംഎൽഎയ്ക്ക് ക്രഷർ യൂണിറ്റ് ഉണ്ടായിരുന്നു. സ്ഥലം പാട്ടത്തിനെടുത്ത് ഖനനവും നടത്തിയിരുന്നു. ഭാര്യയുടെ പേരിലായിരുന്നു ഈ ബിസിനസ് പ്രവർത്തിച്ചിരുന്നത്.
അതേസമയം, ഭോണ്ട, റായ്പുർ ഗ്രാമങ്ങളിലെ ജനങ്ങൾ കഴിഞ്ഞ രണ്ട് വർഷമായി ഖനനത്തിനെതിരെ പ്രതിഷേധിച്ചുവരികയായിരുന്നു. പലതവണ ധർണ നടത്തുകയും വഴിതടയൽ സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.
ഖനന മേഖലയിലേക്ക് വാഹനങ്ങൾ കടന്നുപോകുന്നത് കന്നുകാലികളുടെ മേച്ചിൽപ്പുറങ്ങളിലൂടെയാണെന്നായിരുന്നു ഗ്രാമവാസികളുടെ പ്രധാന ആരോപണം. ഇതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തർക്കമാണ് ഒടുവിൽ അക്രമത്തിലേക്ക് നീങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം.