;

ചടയമംഗലത്ത് 13കാരനെ ക്രൂരമായി മർദിച്ച സംഭവം; മദ്യലഹരിയിലായിരുന്ന രണ്ടാനച്ഛൻ പിടിയിൽ

ചടയമംഗലത്ത് 13കാരനെ ക്രൂരമായി മർദിച്ച സംഭവം; മദ്യലഹരിയിലായിരുന്ന രണ്ടാനച്ഛൻ പിടിയിൽ

കൊല്ലം: ചടയമംഗലത്ത് മദ്യലഹരിയിൽ 13കാരനെ ക്രൂരമായി മർദിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. കുരിയോട് സ്വദേശി രാജേഷിനെയാണ് ചടയമംഗലം പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കുട്ടിയുടെ വസ്ത്രം അഴിച്ചുമാറ്റിയ ശേഷം വടികൊണ്ട് അതിക്രൂരമായി മർദിക്കുകയായിരുന്നു.

വേദനകൊണ്ട് കുട്ടി നിലവിളിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വീഡിയോ പുറത്തായതോടെ സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കി. തുടർന്ന് പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ കൊല്ലം റൂറൽ എസ്.പിക്ക് നിർദേശം നൽകി. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി.

രാജേഷ് കുട്ടിയെ സ്ഥിരമായി മർദിക്കാറുണ്ടായിരുന്നുവെന്ന് ബന്ധു വെളിപ്പെടുത്തി. കഴിഞ്ഞ വർഷവും കുട്ടിയെ ക്രൂരമായി ആക്രമിച്ചിരുന്നു. കുട്ടിയോട് ഇഷ്ടമില്ലാത്തതിനാൽ അസഭ്യം പറയുന്നത് പതിവായിരുന്നുവെന്നും യാതൊരു കൂസലുമില്ലാതെയാണ് ഇന്നലെ മർദിച്ചതെന്നും ബന്ധു ആരോപിച്ചു.

സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൊല്ലം റൂറൽ എസ്.പി, ചടയമംഗലം എസ്.എച്ച്.ഒ, ജില്ലാ ശിശു വികസന ഓഫീസർ എന്നിവരോട് കമ്മീഷൻ വിശദീകരണം തേടിയിട്ടുണ്ട്.

അതേസമയം, സംഭവത്തിൽ അടിയന്തരമായി കേസെടുക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർദേശം നൽകി. കുട്ടിക്ക് ആവശ്യമായ കൗൺസിലിങ്ങും സംരക്ഷണവും ഉറപ്പാക്കുമെന്നും കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

;