കൊച്ചി: കമന്റടിച്ചത് ചോദ്യംചെയ്‌ത പെൺകുട്ടികളെ ഒരു സംഘം ആക്രമിച്ചതായി പരാതി. കലൂരിൽ റോഡിലൂടെ നടന്നുപോവുകയായിരുന്ന പെൺകുട്ടികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. നിലത്തിട്ട് ക്രൂരമായി ചവിട്ടുകയും തലയ്‌ക്ക് പിടിച്ച് നിലത്തടിക്കുകയും ചെയ്‌തുവെന്നാണ് പെൺകുട്ടികളുടെ പരാതിയിൽ പറയുന്നത്. പരിക്കേറ്റ പെൺകുട്ടികളെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പുലർച്ചെ നാല് മണിക്കായിരുന്നു സംഭവം. വിദ്യാർത്ഥിനികളായ രണ്ട് പെൺകുട്ടികൾ പാർട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങിവരുമ്പോഴാണ് ആക്രമണമുണ്ടായത്.
ആറ് പുരുഷന്മാരും രണ്ട് സ്‌ത്രീകളുമടക്കം എട്ടുപേരടങ്ങുന്ന സംഘം വഴിയിൽ നിൽക്കുകയായിരുന്നു. നടന്നുപോയ പെൺകുട്ടികളെ നോക്കി ലൈംഗികച്ചുവയോടെ ഇവർ കമന്റടിച്ചു. പിന്നാലെ വേഗത്തിൽ നടന്ന പെൺകുട്ടികളെ സംഘം ചീത്ത വിളിച്ചു. പെൺകുട്ടികളോട് തിരികെ വരാൻ സംഘത്തിലെ ഒരു യുവതി ആവശ്യപ്പെടുകയും ചെയ്‌തു.
ഇത് ചിത്രീകരിക്കാൻ ശ്രമിച്ചതോടെ ഫോൺ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞ് പൊട്ടിക്കുകയും പെൺകുട്ടികളിലൊരാളെ നിലത്തിട്ട് ക്രൂരമായി ചവിട്ടുകയും തലയ്‌ക്ക് പിടിച്ച് നിലത്തിടിക്കുകയും ചെയ്‌തുവെന്നുമാണ് പരാതി.ഒരു പെൺകുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പെൺകുട്ടികൾ നൽകിയ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവം നടന്ന പരിസരത്ത് തന്നെ താമസിക്കുന്നവരാകും അക്രമികളെന്നാണ് പൊലീസിന്റെ നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.

Leave feedback about this