സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസ്: വീണ്ടും ഇഡി പരിശോധന

സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസ്: വീണ്ടും ഇഡി പരിശോധന

കോഴിക്കോട്: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും പരിശോധന ആരംഭിച്ചു. കോഴിക്കോട് ഉൾപ്പെടെ എട്ട് ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടത്തുന്നത്. കേസിലെ രണ്ടാംഘട്ട പരിശോധനയാണിത്.

സ്വത്തുക്കൾ അറ്റാച്ച് ചെയ്യുന്നതിനുള്ള നടപടികളിലേക്ക് കടക്കുന്നതിന് മുന്നോടിയായാണ് പുതിയ പരിശോധന. സിഎംആർഎലിൽ നിന്ന് എക്സാലോജിക് അനധികൃതമായി 2.78 കോടി രൂപ കൈപ്പറ്റിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. യാതൊരു സേവനവും നൽകാതെയാണ് തുക കൈപ്പറ്റിയതെന്നും ഇടപാട് കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്നും ഇഡി വ്യക്തമാക്കിയിരുന്നു.

പണം എങ്ങോട്ടാണ് പോയതെന്നതിലാണ് നിലവിലെ അന്വേഷണം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. എക്സാലോജിക് ഡയറക്ടർ വീണ ടി.എയെ നേരത്തെ രണ്ടുതവണ ഇഡി ചോദ്യം ചെയ്തിരുന്നു. എക്സാലോജിക് സിഎംആർഎലിന് നൽകിയതായി പറയുന്ന സേവനങ്ങളും ലഭിച്ച തുക പിന്നീട് എന്ത് ചെയ്തുവെന്നതുമാണ് ചോദ്യം ചെയ്യലിൽ പ്രധാനമായും പരിശോധിച്ചത്.

എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിന്റെ അനുബന്ധ രേഖകളും ഇഡി പരിശോധിക്കുന്നുണ്ട്. റിപ്പോർട്ടിന്റെ 134 അനുബന്ധ രേഖകൾ ഇഡിക്ക് ലഭിച്ചിട്ടുണ്ട്.

സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഭാര്യ ജയ എസ്. കർത്ത, മകൾ ഷിബി എസ്. കർത്ത, മകൻ ശരൺ എസ്. കർത്ത എന്നിവരടക്കം ആറ് പേരെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു.