തിരുവനന്തപുരം: വൈദ്യുതി വാങ്ങുന്നതിനായി ജിഎൻഎയുമായി സർക്കാർ കരാറിൽ ഏർപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇലക്ട്രിസിറ്റി ബോർഡ് കരാർ ഒപ്പിട്ടിട്ടില്ലാത്തതിനാൽ അതിൽനിന്ന് പിന്മാറിയെന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നും കാര്യങ്ങൾ മനസ്സിലാക്കാതെയാണ് ഇത്തരം വാർത്തകൾ പുറത്തുവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വൈദ്യുതി മന്ത്രി അയച്ച ഫയൽ മുഖ്യമന്ത്രിയുടെ മുന്നിലെത്തിയപ്പോൾ രണ്ട് ഓപ്ഷനുകളാണ് ഉണ്ടായിരുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. യൂണിറ്റിന് 14.50 രൂപയ്ക്ക് വൈദ്യുതി നൽകുന്ന ഹിമാചൽ കരാറും 8.63–8.90 രൂപ നിരക്കിൽ വൈദ്യുതി നൽകുന്ന ജിഎൻഎ കരാറുമായിരുന്നു അവ. ഹിമാചലിൽ നിന്നുള്ള വൈദ്യുതി ഇതിനകം രാജസ്ഥാൻ 15.50 രൂപയ്ക്ക് വാങ്ങിയതായി ഫയലിൽ രേഖപ്പെടുത്തിയിരുന്നു. ഇരു കരാറുകളും താരതമ്യം ചെയ്തപ്പോൾ ജിഎൻഎയുടേതായിരുന്നു മികച്ച ഓപ്ഷൻ. എന്നാൽ ഇതുവരെ കരാറിൽ ഒപ്പിട്ടിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇപ്പോൾ വൈദ്യുതി ആവശ്യമില്ലെന്ന വൈദ്യുതി മന്ത്രിയുടെ പ്രസ്താവന നൂറുശതമാനം ശരിയാണ്. എന്നാൽ വരും മാസങ്ങളിൽ വൈദ്യുതി ആവശ്യമായി വരും. കൃത്യമായ ആസൂത്രണമില്ലാത്തതാണ് സംസ്ഥാനത്ത് പവർകട്ട് ഉൾപ്പെടെയുള്ള പ്രതിസന്ധികൾക്ക് കാരണമായത്. കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമായിരുന്ന സമയത്ത് ദീർഘകാല കരാറുകളിൽ ഏർപ്പെടാതിരുന്നതാണ് മുൻ സർക്കാരിന്റെ വീഴ്ചയെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ദീർഘകാലം പവർകട്ട് ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഫയലിലുണ്ടായിരുന്നു. എന്നിട്ടും കരാറിൽ ഒപ്പിടാതെ വിഷയം പഠിക്കാനാണ് സർക്കാർ തീരുമാനിച്ചത്. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ ദീർഘകാല, ഹ്രസ്വകാല കരാറുകളിൽ ഏർപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
2030–31 ആകുമ്പോഴേക്കും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വൻതോതിൽ വർധിക്കും. നിലവിൽ ആവശ്യമായ വൈദ്യുതിയുടെ 15 ശതമാനം മാത്രമാണ് കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്നത്. കഴിഞ്ഞ പത്തുവർഷത്തിനിടെ കർണാടകയും തെലങ്കാനയും വൈദ്യുതി ഉൽപ്പാദനത്തിലും സംഭരണത്തിലും ഏറെ മുന്നേറിയെന്നും സോളാർ വൈദ്യുതി ഉൽപ്പാദിപ്പിച്ച് ബാറ്ററികളിലൂടെ ഗ്രിഡിലേക്ക് മാറ്റുന്ന സംവിധാനങ്ങൾ അവർ വികസിപ്പിച്ചെടുത്തെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ സർക്കാരിന്റെ ആസൂത്രണക്കുറവും ദീർഘകാല വൈദ്യുതി കരാറുകളുടെ അഭാവവുമാണ് പവർകട്ടിന് കാരണമായത്. യുഡിഎഫ് സർക്കാരല്ല പവർകട്ട് പ്രതിസന്ധി സൃഷ്ടിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.