കൊല്ലം: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ കേസുകൾ യുഡിഎഫ്–ബിജെപി ഒത്തുകളിയുടെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. പാർട്ടിയെയും നേതാക്കളെയും കടന്നാക്രമിക്കാൻ യുഡിഎഫ് അവസരം ഉപയോഗിക്കുകയാണെന്നും ഇതിന് പിന്നിൽ ബിജെപിയുടെ താൽപര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരുടെയും വാദം കേൾക്കാതെ ഏകപക്ഷീയമായി എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചതെന്ന് ഗോവിന്ദൻ ആരോപിച്ചു. സംസ്ഥാന സർക്കാർ എഫ്ഐആർ രജിസ്റ്റർ ചെയ്താൽ മാത്രമേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) സ്വന്തം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കഴിയൂ. അതുകൊണ്ടാണ് കാര്യങ്ങൾ ഈ രീതിയിൽ നീക്കിയതെന്നും അദ്ദേഹം പറഞ്ഞു.
എക്സാലോജിക് കേസിൽ മുന്നോട്ടുപോകാൻ തെളിവുകളില്ലെന്ന് മനസ്സിലായതോടെയാണ് പുതിയ കേസുമായി രംഗത്തെത്തിയതെന്നും ഗോവിന്ദൻ ആരോപിച്ചു. ഇതിന്റെ ഭാഗമായാണ് ഹവാല കേസ് ഉയർന്നുവന്നത്. കേസ് നിലനിൽക്കില്ലെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.