തിരുവനന്തപുരം: കോൺഗ്രസ്–ബിജെപി ബന്ധത്തിന്റെ നാണംകെട്ട അധ്യായങ്ങൾ മറച്ചുവയ്ക്കാനാണ് വിദ്യാർഥികൾക്ക് നേരെ ആക്രമണം നടത്തിയതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇതാണോ സർക്കാരിന്റെ പൊലീസ് നയമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ്–എസ്എഫ്ഐ സംഘർഷത്തിന് പിന്നാലെ യൂണിവേഴ്സിറ്റി ഹോസ്റ്റൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം. ഹോസ്റ്റലിലേക്ക് ചാടിക്കയറി വിദ്യാർഥികളെ മർദിക്കാൻ ഉത്തരവിട്ടത് ആരാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിന് ഇത് പൊറുക്കാനാകില്ലെന്നും ബിജെപിയുമായുള്ള രാഷ്ട്രീയബന്ധമടക്കം മുഖ്യമന്ത്രിക്ക് പലതും മറച്ചുവയ്ക്കാനുണ്ടാകുമെന്നും ബിനോയ് വിശ്വം ആരോപിച്ചു. ബിജെപിക്കെതിരെയെന്ന് പറഞ്ഞാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയതെങ്കിലും ആ പ്രതിഷേധത്തിന്റെ ഇരകളായത് എസ്എഫ്ഐ പ്രവർത്തകരാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർഥികളെ ആക്രമിക്കാൻ ഇടതുപക്ഷം അനുവദിക്കില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.